തിരുവനന്തപുരം: വ്യാജ പുരാവസ്തുവിൻ്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന മോൺസൻ മാവുങ്കലിനെതിരായ കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ഈ വിഷയത്തിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ഗൂഢാലോചന നടന്നെന്നും പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണെന്നും മോൺസനെതിരെ പരാതി നല്‍കിയ ഷമീര്‍ വെളിപ്പെടുത്തി. സാക്ഷിയായ ജോഷിയും അന്വേഷണ ഉദ്യോഗസ്ഥനായ വൈആര്‍ റെസ്റ്റവും തമ്മിലുള്ള ഫോണ്‍ സന്ദേശം ഷമീര്‍ പുറത്തുവിട്ടു.
'കെ സുധാകരന്‍ മോൺസൻ മാവുങ്കലില്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്നത് കെട്ടിച്ചമച്ചതാണ്. ഗൂഢാലോചനക്ക് പിന്നില്‍ പി ശശിയും അന്വേഷണ ഉദ്യോഗസ്ഥനായ വൈ ആര്‍ റെസ്തവുമാണ്. അതിജീവിത മോൺസൻ മാവുങ്കലിന്റെ വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് സുധാകരന്‍ അവിടെയുണ്ടായിരുന്നില്ല. എന്നാല്‍ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പോലും പറഞ്ഞത്. എം വി ഗോവിന്ദന്റെ പ്രതികരണത്തിന് പിന്നിലും പി ശശിയാണ്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമായി നടന്നതാണ്', ഷമീര്‍ വെളിപ്പെടുത്തി.
താനും അഞ്ച് സുഹൃത്തുക്കളും മോൺസന് 10 കോടി നല്‍കിയിരുന്നുവെന്നായിരുന്നു ഷമീറിന്റെ വെളിപ്പെടുത്തല്‍. എംപിയായിരുന്ന സമയത്ത് കെ സുധാകരൻ്റെ സാന്നിധ്യത്തില്‍ പണം നല്‍കിയിരുന്നുവെന്നും ഷമീര്‍ പറഞ്ഞിരുന്നു. ഇതിന് പുറമേ
2018 ല്‍ കലൂരിലെ വാടക വീട്ടില്‍ വെച്ച് മോണ്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയെന്ന് പരാതിക്കാരനായ അനൂപം മൊഴി നല്‍കിയിരുന്നു. ഈ സമയം സുധാകരനും അവിടെയുണ്ടായിരുന്നു. താന്‍ നല്‍കിയ 25 ലക്ഷത്തില്‍ 10 ലക്ഷം സുധാകരന്‍ കൈപ്പറ്റി. പാര്‍ലമെന്റ് ഫിനാന്‍സ് കമ്മിറ്റിയെകൊണ്ട് മോണ്‍സന്‍ മാവുങ്കലിന്റെ വിദേശത്ത് നിന്നെത്തിയ പണം വിട്ടു നല്‍കിപ്പിക്കാമെന്ന് പറഞ്ഞാണ് സുധാകരന് പണം നല്‍കിയതെന്നുമായിരുന്നു മൊഴി.
Watch Video-
Content Highlights: monson mavunkal case conspiracy was hatched against K Sudhakaran