ചീഫ് സെക്രട്ടറി v/s ഐഎഎസ് ഉദ്യോഗസ്ഥൻ; അത്യപൂര്‍വ നിയമപോരാട്ടത്തിനൊരുങ്ങി എന്‍ പ്രശാന്ത്

നടപടി എടുത്തില്ലെങ്കില്‍ കോടതി മുഖാന്തരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു

dot image

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ തുറന്ന പോരിനൊരുങ്ങി എന്‍ പ്രശാന്ത് ഐഎഎസ്. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് എന്‍ പ്രശാന്ത് ഐഎഎസ് വക്കീല്‍ നോട്ടീസയച്ചു. സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നടപടി എടുത്തില്ലെങ്കില്‍ കോടതി മുഖാന്തരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ചീഫ് സെക്രട്ടറിക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥന്‍ വക്കീല്‍ നോട്ടീസ് അയക്കുന്നത്. വിഷയത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും എന്‍ പ്രശാന്ത് വ്യക്തമാക്കി.

ജയതിലക് ഐഎഎസിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ ഉന്നതിയിലെ ഫയലുകള്‍ എന്‍ പ്രശാന്ത് ഐഎഎസ് കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ രണ്ട് കത്തുകള്‍ പുറത്തുവന്നിരുന്നു. ഉന്നതിയിലെ ഫയലുകൾ എൻ പ്രശാന്ത് ഐഎഎസ് കൈമാറിയില്ലെന്ന കെ ഗോപാലകൃഷ്ണൻ ഐഎഎസിന്‍റെ രണ്ട് കത്തുകളിലുമുള്ള വൻ ദുരൂഹത നേരത്തെ റിപ്പോർട്ടർ ചൂണ്ടിക്കാണിച്ചിരുന്നു. ആറാം മാസവും ഏഴാം മാസവും തയ്യാറാക്കിയതായി തീയതിയിട്ടിരിക്കുന്ന രണ്ട് കത്തുകളും ഓഫീസ് ഫയലിൽ അപ്‌ലോഡ് ചെയ്തത് എട്ടാം മാസത്തിലാണ് എന്ന് വ്യക്തമാകുന്ന രേഖകൾ റിപ്പോ‍ർട്ടറിന് ലഭിച്ചിരുന്നു. ഈ രണ്ട് ദുരൂഹ കത്തുകളും അപ്‌ലോഡ് ചെയ്തത് ഡോക്ടർ ജയതിലകിന്റെ ഓഫീസിൽ നിന്നായിരുന്നു. ഡോക്ടർ ജയതിലക് ധനകാര്യവകുപ്പിലേക്ക് സ്ഥലം മാറുന്നതിന്റെ രണ്ടാഴ്ച ആഴ്ച മുമ്പായിരുന്നു ഇത്. ഈ കത്തുകൾ വെച്ചായിരുന്നു ഉന്നതിയിലെ ഫയലുകൾ എൻ പ്രശാന്ത് കൈമാറിയില്ലെന്ന റിപ്പോർട്ട് തയ്യാറാക്കിയത്.

സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ ആരോപണങ്ങളും വക്കീല്‍ നോട്ടീസില്‍ ഉന്നയിച്ചിട്ടുണ്ട്. ഗുരുതര കുറ്റം അറിയിച്ചിട്ടും ചീഫ് സെക്രട്ടറി നടപടി എടുത്തിട്ടില്ല. ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടെ പ്രതിയാക്കി കേസെടുക്കണമെന്നാവശ്യപ്പെടുമെന്നും എന്‍ പ്രശാന്ത് വ്യക്തമാക്കി. ജയതിലക് ഐഎഎസ്, കെ ഗോപാലകൃഷ്ണന്‍ ഐഎഎസ്, മാതൃഭൂമി എന്നിവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

വ്യാജ രേഖയുണ്ടാക്കിയ ജയതിലക് ഇപ്പോഴും സര്‍വീസില്‍. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നവംബര്‍ 14 ന് പരാതി നല്‍കിയിരുന്നു. നടപടി ഇല്ലാത്തതിനെത്തുടര്‍ന്നാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ജയതിലകിനെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ തെളിവ് നശിപ്പിക്കുകയും കൃത്രിമ രേഖയും നിര്‍മിക്കുകയും ചെയ്തിട്ടും ജയതിലക് ഇപ്പോഴും സര്‍വീസില്‍ തുടരുകയാണെന്നും എന്‍ പ്രശാന്ത് ചൂണ്ടിക്കാട്ടി. മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണന്‍ ഐഎസിനെതിരെയുള്ള വക്കീല്‍ നോട്ടീസ്.

Content Highlight: N Prasanth IAS shares notice to Cheif secretary

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us