കൊച്ചി: എറണാകുളം ജില്ലയിലെ തൃക്കാക്കര ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി. പൂണിത്തുറ ലോക്കലില്‍ നിന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ലോക്കല്‍ സമ്മേളനം നടത്താതെ ഏരിയ സമ്മേളനത്തില്‍ പ്രതിനിധികളെ പങ്കെടുപ്പിച്ചെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയ്ക്ക് രേഖാമൂലമാണ് പരാതി നല്‍കിയിരിക്കുന്നത്. ആരോപണ വിധേയരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുവെന്നാണ് പരാതി. പരാതിയുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
ഡിസംബര്‍ 20ന് ആരംഭിച്ച തൃക്കാക്കര ഏരിയാ സമ്മേളനത്തില്‍ ലോക്കല്‍ സമ്മേളനം നടത്തി തിരഞ്ഞെടുക്കാത്ത ആറ് പേര്‍ പ്രതിനിധികളായി പങ്കെടുക്കുന്നുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.തെറ്റായ പ്രവണതകള്‍ വെച്ചു പുലര്‍ത്തുന്ന ചില സഖാക്കളെ ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പൂണിത്തുറയില്‍ രൂപപ്പെട്ട സംഘടനാ വിഷയങ്ങളെ തുടര്‍ന്ന് ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ണമായി നടത്തി തീര്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഡിസംബര്‍ 20 മുതല്‍ ആരംഭിച്ച തൃക്കാക്കര ഏരിയാ സമ്മേളനത്തില്‍ പി ദിനേശന്‍, ഇ കെ സന്തോഷ്, ബി മുകുന്ദന്‍, ബി അനില്‍ കുമാര്‍, സി കെ രാജു, എ ബി സാബു എന്നിവർ പങ്കെടുത്തതായാ പരാതിയിലൂടെ അറിയിക്കുന്നത്. നിരവധി ആരോപണങ്ങള്‍ നേരിട്ട് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കിയ ആളാണ് പി ഗദിനേശന്‍ എന്നും പരാതിയില്‍ പറയുന്നു.
ഇത്തരം സംഘടനാ വിരുദ്ധ നടപടികള്‍ക്ക് ജില്ലാ സെക്രട്ടറി സി എന്‍ മോഹനനാണ് നേതൃത്വം നല്‍കുന്നതെന്നും സംസ്ഥാന നേതൃത്വം അടിയന്തിരമായി ഇടപെടണമെന്നും പരാതിയില്‍ ഉന്നയിക്കുന്നു.
Content Highlights: Complaint to State Secretary MV Govindan regarding CPIM Thrikakkara Area Conference