മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പ്രസ്താവന; കേസെടുക്കണം എന്ന സ്വകാര്യ അന്യായം കോടതി ഇന്ന് പരിഗണിക്കും

യൂത്ത് കോണ്‍ഗ്രസുകാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മര്‍ദിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന

dot image

കൊച്ചി: നവകേരള സദസ്സിലെ വിവാദ രക്ഷാ പ്രവർത്തന പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് നൽകിയ സ്വകാര്യ അന്യായം കോടതി ഇന്ന് പരിഗണിക്കും. എന്നാൽ മുഖ്യമന്ത്രിയ്ക്ക് എതിരെ പ്രേരണക്കുറ്റം ചുമത്താൻ ആവില്ലെന്നും കേസ് നിലനിൽക്കില്ലെന്നും ആണ് പൊലീസിന്റെ റിപ്പോർട്ട്. പൊലീസ് റിപ്പോർട്ട് അംഗീകരിക്കണോ എന്നതിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വാദം കേൾക്കും. കേസ് നിലനിൽക്കുമെന്നും പൊലീസ് റിപ്പോർട്ട് തള്ളണമെന്നുമാണ് ഹർജിക്കാരൻ്റെ ആവശ്യം.

നവകേരള ബസ് കടന്നുപോയ കല്യാശേരിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മര്‍ദ്ദിച്ചതിന്റെ പിറ്റേ ദിവസമായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം.നവകേരള സദസ്സിലെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇത് തുടർന്നുള്ള കുറ്റകൃത്യത്തിന് പ്രേരണ നല്‍കുന്നതാണെന്നായിരുന്നു എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ സ്വകാര്യ അന്യായത്തിലെ ആക്ഷേപം. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 109 വകുപ്പ് അനുസരിച്ച് കേസെടുക്കണമെന്നാണ് മുഹമ്മദ് ഷിയാസിൻ്റെ ആവശ്യം.

കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ്സിൽ പങ്കെടുത്ത് തളിപ്പറമ്പിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ എരുപുരം കെഎസ്ഇബി ഓഫീസിന് സമീപത്ത് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഇതേതുടർന്നായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത്. ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ രക്ഷാപ്രവർത്തന പ്രസംഗം.

'ഞാൻ കണ്ടു കൊണ്ടിരിക്കുകയല്ലേ… എന്താണ് നടക്കുന്നത്? ഒരാൾ ഇതിന്റെ മേലെ ചാടിവരികയാണ്. ചില ചെറുപ്പക്കാർ പിടിച്ചു മാറ്റുന്നുണ്ട്. തള്ളി മാറ്റുന്നുണ്ട്. അത് ജീവൻ രക്ഷിക്കാനല്ലേ? ജീവൻ അപകടപ്പെടുത്തുന്ന തരത്തിൽ ചാടി വരുമ്പോ ബലം പ്രയോഗിച്ചു തന്നെ മാറ്റണമല്ലോ? ആ മാറ്റലാണ് നടക്കുന്നത്. വേദന പറ്റുമോ എന്ന് നോക്കിയിട്ട് കാര്യമില്ല. തീവണ്ടി വരുന്നു. ഒരാൾ പോയി അവിടെ കിടന്നു.അയാളെ എടുത്തങ്ങ് എറിയില്ലേ ചിലപ്പോ.ആ ജീവൻ രക്ഷാ രീതിയാണ് ‌ഡി.വൈ.എഫ്.ഐക്കാർ സ്വീകരിച്ചത്. അത് മാതൃകാപരമായിരുന്നു. അതു തുടരണമെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം

Content Highlights: The court will hear today against Pinarayi Vijayan in the controversial rescue operation statement in the Navakerala Sadas

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us