ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുൻപിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, സിപിഐഎം നേതാവിന്റെ ഭീഷണിസന്ദേശം പുറത്ത്. സിപിഐഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആർ സജിയുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് തന്നെ പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്ന് പറഞ്ഞപ്പോൾ ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യമെന്തെന്ന് സജി ചോദിക്കുന്നുണ്ട്. നിങ്ങൾ വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും സജി പിന്നീട് സാബുവിനോട് പറയുന്നുണ്ട്. തുടർന്ന് നിങ്ങൾക്ക് പണി അറിയത്തില്ലാഞ്ഞിട്ടാണ് എന്നും പണി മനസ്സിലാക്കി തരാമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ല എന്നും സജി പറയുന്നുണ്ട്.
കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് റൂറല്‍ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ജീവനൊടുക്കിയത്. സാബുവിൻ്റെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും പണം തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. തന്റെ സമ്പാദ്യം മുഴുവനും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും കത്തില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5 മണി വരെ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: CPIM leaders threat to merchant at idukki