ഇടുക്കി: സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിക്കാതെ സിപിഐഎം കട്ടപ്പന ഏരിയാ സെക്രട്ടറി മാത്യൂ ജോര്‍ജ്. സാബു ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐഎം കട്ടപ്പന മുന്‍ ഏരിയാ സെക്രട്ടറി വി ആര്‍ സജിയുടെ ശബ്ദസന്ദേശം പുറത്തുവന്നതിനോടും പ്രതികരിക്കാന്‍ മാത്യൂ ജോര്‍ജ് തയ്യാറായില്ല. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടര്‍ ടിവി ലൈവിൽ ഒരുഘട്ടം കഴിഞ്ഞപ്പോൾ മാത്യൂ ജോർജ് ടെലഫോണ്‍ ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു.
'സാബുവും സജിയും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം നേരിട്ട് കേട്ടിട്ടില്ല. സജിയോട് തന്നെ പ്രതികരണം ചോദിക്കലാവും ഉചിതം. പ്രതികരിക്കാന്‍ ഞാനില്ല. ഇത്തരം കാര്യങ്ങളെല്ലാം അന്വേഷണപരിധിയിലാണ്. നമ്മുടെ ബോധ്യത്തില്‍ വരാതെ പ്രതികരിക്കാന്‍ ഇല്ല. ജില്ലാ സെക്രട്ടറിയാണ് ഇക്കാര്യങ്ങളില്‍ പ്രതികരിക്കേണ്ടത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു', എന്നാണ് നിരന്തരമായ ചോദ്യത്തോട് മാത്യു ജോര്‍ജ് പ്രതികരിച്ചത്.
ബാങ്കിലെ തന്റെ നിക്ഷേപം പിന്‍വലിക്കാനെത്തിയ സാബുവിനോട് ബാങ്ക് ജീവനക്കാരന്‍ മോശമായി പെരുമാറിയതിനെക്കുറിച്ചാണ് ഫോണ്‍ ശബ്ദരേഖയില്‍ പറയുന്നത്. എന്നാല്‍ നിങ്ങള്‍ അടിവാങ്ങേണ്ട സമയം കഴിഞ്ഞുവെന്നതടക്കം സജി സാബുവിനെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്.
പണം ചോദിച്ചെത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് തന്നെ പിടിച്ചു തള്ളിയെന്നാണ് സാബു പറയുന്നത്. താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഈ മാസത്തെ പണത്തില്‍ പകുതി നല്‍കിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യമെന്തെന്ന് സജി തിരച്ചു ചോദിക്കുകയായിരുന്നു. നിങ്ങള്‍ വിഷയം മാറ്റാന്‍ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും സജി പിന്നീട് സാബുവിനോട് പറയുന്നുണ്ട്. തുടര്‍ന്ന് നിങ്ങള്‍ക്ക് പണി അറിയത്തില്ലാഞ്ഞിട്ടാണ് എന്നും പണി മനസ്സിലാക്കി തരാമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. പണം തരാന്‍ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോള്‍ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ല എന്നും സജി പറയുന്നുണ്ട്.
Content Highlights: Idukki sabu kattappana death CPIM area secretary Mathew George reaction