തിരുവനന്തപുരം: കേരളത്തിൽ ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന പട്ടികജാതി ആൺകുട്ടികളിൽ കഴിഞ്ഞ അഞ്ചുവർഷമായി വൻ ഇടിവെന്ന് റിപ്പോർട്ട്. പബ്ലിക് പോളിസി ആൻഡ് റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ ഉള്ളത്.
കേരളത്തിലെ നിരക്ക് ദേശീയശരാശരിയേക്കാളും കുറവെന്നാണ് കണ്ടെത്തൽ. 2016-17 കാലയളവിൽ പട്ടികജാതി വിഭാഗത്തിലെ 21.8 ശതമാനം ആൺകുട്ടികൾ രാജ്യത്താകെ ഉന്നതവിദ്യാഭ്യാസം നേടിയപ്പോൾ കേരളത്തിൽ അത് 17 ശതമാനം മാത്രമായിരുന്നു. 2021-22ൽ ദേശീയ ശരാശരി 25.8 ശതമാനമായി ഉയർന്നെങ്കിലും കേരളത്തിൽ അപ്പോഴും 20.4 ശതമാനം മാത്രമായിരുന്നു ഉന്നത വിദ്യാഭ്യാസത്തിനെത്തിയത്.
അതേസമയം, പട്ടികജാതി പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്. 2016-17 കാലയളവിൽ പട്ടികജാതി പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിൻ്റെ ദേശീയ ശരാശരി 20.2 ആയിരുന്നപ്പോൾ കേരളത്തിലേത് 30.2 ശതമാനമായിരുന്നു. 2021-22ൽ ദേശീയ ശരാശരി 26 ശതമാനം മാത്രമുള്ളപ്പോൾ കേരളത്തിൽ അത് 36.8 ശതമാനം ആണ്. എന്നാൽ മൊത്തത്തിലുള്ള ഉന്നത വിദ്യാഭ്യാസ പ്രവേശനം പരിശോധിക്കുമ്പോൾ ദേശീയ ശരാശരിയേക്കാൾ മുകളിലാണ് കേരളത്തിന്റെ കണക്കുകൾ. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന കേരളം എന്തുകൊണ്ടാണ് പട്ടിക ജാതി ആൺകുട്ടികളുടെ കോളേജ് പ്രവേശന കാര്യത്തിൽ പിന്നാക്കം പോയതെന്ന് പരിശോധിക്കണമെന്നും പിപിആർഐ റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Scheduled caste boys not getting college education, says report