കണ്ണൂര്‍: പൊലീസിനെതിരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശം കേട്ട് കെഎസ്‌യുക്കാരെ ആക്രമിച്ചാല്‍ തെരുവില്‍ അടിക്കുമെന്നാണ് അബിന്‍ വര്‍ക്കിയുടെ ഭീഷണി. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അബിന്‍ വര്‍ക്കി.
കണ്ണൂര്‍ എസിപി ടി കെ രത്‌നകുമാറിനും ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിക്കുമെതിരെയാണ് അബിന്‍ വര്‍ക്കിയുടെ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇങ്ങനെ പോയാല്‍ കണ്ണൂര്‍ എസിപി സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങില്ല. പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള നക്കാപ്പിച്ച വാങ്ങി കഴിയേണ്ടിവരും. ഇത് പഴയ കണ്ണൂരല്ലെന്ന് ടി കെ രത്‌നകുമാറും ശ്രീജിത്തും മനസിലാക്കണമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. കണ്ണൂരില്‍ കെഎസ്‌യുക്കാരെ എസ്എഫ്‌ഐയോടൊപ്പം പൊലീസും വേട്ടയാടുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഇറങ്ങും. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
ഇക്കാര്യത്തിൽ കേസൊന്നും ഒരു പ്രശ്‌നമല്ലെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. എക്കാലവും പി ശശി കേരളം ഭരിക്കുമെന്ന പ്രതീക്ഷ ഇവര്‍ക്ക് വേണ്ട. കണ്ണൂര്‍ പണ്ടത്തെ കണ്ണൂരൊന്നുമല്ലെന്ന് ഓര്‍ക്കണം. സമരത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കെഎസ്‌യു നേതാവ് അര്‍ജുന്‍ കോറോത്തിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തത് ദിവൃ ദൃഷ്ടിയില്‍ കണ്ടതുകൊണ്ടാണോയെന്നും അബിന്‍ ചോദിച്ചു.
Content Highlights- youth congress leader abin varkey against police