കൊച്ചി: വെള്ളാപ്പള്ളിക്ക് ഓരോ സമയത്തും ഓരോ വെളിപാടുണ്ടാകുന്നുവെന്ന് എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗർ. തിരഞ്ഞെടുപ്പിൽ പറവൂരിൽ വി ഡി സതീശൻ മത്സരിക്കുന്ന സമയത്ത് വോട്ട് ചോദിച്ചോ സഹായം അഭ്യർത്ഥിച്ചോ വെള്ളാപ്പള്ളിയെ കാണാനെത്തിയില്ലെന്നും എസ്എൻഡിപി യോഗം വിളിച്ചുകൂട്ടി സതീശനെ തോൽപ്പിക്കണമെന്ന് പരസ്യമായി പ്രസംഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസംഗം വിപരീത ഫലമുണ്ടാക്കി. സതീശൻ പോലും ഉദ്ദേശിക്കാത്ത ഭൂരിപക്ഷത്തിൽ ജയിച്ചു. ആരുടെയും മുന്നിൽ പോയി മണിയടിക്കാത്ത വ്യക്തിത്വമാണ് സതീശൻ. അത് വെള്ളാപ്പള്ളിക്ക് പിടിച്ചിട്ടില്ലെന്നും അതാണ് വെള്ളാപ്പള്ളിക്ക് സതീശനോടുള്ള പ്രശ്നമെന്നാണ് കരുതുന്നതെന്നും സി കെ വിദ്യാസാഗർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അതിരൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ടറിൻ്റെ മോർണിംഗ് ഷോയായ കോഫി വിത്ത് സുജയയിൽ നടത്തിയത്. വി ഡി സതീശൻ അഹങ്കാരിയായ നേതാവാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ അതിരൂക്ഷ പ്രതികരണം. സതീശന് പക്വതയും മാന്യതയുമില്ല. സതീശൻ പ്രതിപക്ഷ നേതാവായതോടെ പാർട്ടിയിൽ ഗ്രൂപ്പുകൾ കൂടിയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു.
വി ഡി സതീശൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്. കോൺഗ്രസിലെ നിരവധി നേതാക്കളെ തനിക്കറിയാം. എന്നാൽ മറ്റൊരു നേതാവിനും ഇത്രയും ധാർഷ്ട്യമില്ല. സ്വയം പ്രമാണിയാകാൻ ശ്രമിക്കുമ്പോൾ പ്രാണിയായി മാറുകയാണ്. സമുദായ നേതാക്കളേയും രാഷ്ട്രീയ നേതാക്കളേയും സതീശൻ തള്ളി. ഒറ്റയ്ക്കായി എന്ന് തോന്നിയപ്പോഴാണ് പല വിഷയങ്ങളിലും തിരുത്തൽ നടപടിക്ക് സതീശൻ തയ്യാറായത്. അഹങ്കാരത്തിന്റെ ആൾരൂപമായി മുന്നോട്ടുപോയാൽ സതീശന്റെ രാഷ്ട്രീയ ജീവിതം സർവനാശത്തിലേക്ക് പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Content Highlights: ck vidyasagar against vellappally natesan