തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം കടുപ്പിച്ച് സംസ്ഥാനത്തെ സിപിഐഎം നേതാക്കള്‍. ബിജെപിയ്‌ക്കൊപ്പം കോണ്‍ഗ്രസിനെയും ശക്തമായി രാഷ്ട്രീയ വിമര്‍ശനം നടത്താന്‍ സിപിഐഎം കേന്ദ്ര നേതൃത്വം നയം മാറ്റിയതോടെയാണ് സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ ശക്തമായ ആക്രമണം ആരംഭിച്ചിരിക്കുന്നത്.
പി ബി അംഗങ്ങളായ എം എ ബേബിയും എ വിജയരാഘവനും തന്നെ ശക്തമായ കോണ്‍ഗ്രസ് വിമര്‍ശനത്തിന് തുടക്കം കുറിച്ചു. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയല്ലെന്ന് പി ബി അംഗം എം എ ബേബി വിമര്‍ശിച്ചു. സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയല്ല. അങ്ങനെ വിശേഷിപ്പിക്കുന്നത് ശരിയാണോയെന്ന് മാധ്യമങ്ങളും പരിശോധിക്കണം. ഭാരവാഹികളെ നിശ്ചയിക്കുന്നത് ഹൈക്കമാന്‍ഡാണ്. അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വമെന്ന് പറയുന്ന ഏതാനും പേരാണ് ഈ നിയമനങ്ങള്‍ നടത്തുന്നത്. 1991ല്‍ മാത്രമാണ് പാര്‍ട്ടി ഭരണഘടനടനുസരിച്ചുള്ള തിരഞ്ഞെടുപ്പ് കോണ്‍ഗ്രസില്‍ നടന്നതെന്നും എംഎ ബേബി പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും തിരഞ്ഞെടുപ്പ് വിജയത്തില്‍ വര്‍ഗീയത ആരോപിച്ചാണ് പി ബി അംഗം എ വിജയരാഘവന്‍ രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ഡല്‍ഹിയില്‍ എത്തിയത് മുസ്ലിം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട വര്‍ഗീയ ഘടകങ്ങള്‍ ആയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സുല്‍ത്താന്‍ബത്തേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പാര്‍ലമെന്റ്, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെടാതിരിക്കാനുള്ള കാരണം കോണ്‍ഗ്രസ് നിലപാടുകളാണെന്നാണ് മന്ത്രി പി രാജീവ് ആരോപിച്ചത്. കരിവെള്ളൂര്‍ രക്തസാക്ഷി ദിനാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷക സമരത്തിന്റെ കേന്ദ്രമായ ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് ഉറപ്പിച്ചതാണ്. എന്നാല്‍ ഒറ്റക്ക് ജയിക്കുമെന്ന് അഹങ്കരിച്ച് സമാന ചിന്താഗതിക്കാരെ പോലും കോണ്‍ഗ്രസ് അകറ്റി നിര്‍ത്തി. ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും ജമ്മു മേഖലയില്‍ കോണ്‍ഗ്രസിന് വലിയ പരാജയമാണുണ്ടായത്. സഖ്യകക്ഷികളെ പോലും അകറ്റി നിര്‍ത്തിയത് ഇവിടെ ബിജെപിയെ സഹായിച്ചു. കേരളത്തിലും ഇതേ നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. കേരളത്തില്‍ നിന്ന് ഒരു ബിജെപി എംപിയെ ജയിപ്പിക്കുന്നതിന് വേണ്ടിയാണ് വടകരയില്‍ നിന്നൊരാളെ തൃശ്ശൂരില്‍ മത്സരിപ്പിച്ചതെന്നും പി രാജീവ് പറഞ്ഞു. അടുത്തടുത്ത ദിവസങ്ങളിലാണ് മുതിര്‍ന്ന സിപിഐഎം നേതാക്കളുടെ കോണ്‍ഗ്രസ് വിമര്‍ശനം.
കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ബിജെപിയാണ് മുഖ്യശത്രുവെന്ന നയമായിരുന്നു സ്വീകരിച്ചത്. എന്നാല്‍ ഈ രാഷ്ട്രീയ നയം പൂര്‍ണമായി ശരിയല്ലെന്നാണ് സിപിഐഎം ഇപ്പോള്‍ വിലയിരുത്തുന്നത്. ഇന്‍ഡ്യ സഖ്യം രൂപീകരിച്ചതില്‍ കോണ്‍ഗ്രസിനും ചില പ്രാദേശിക പാര്‍ട്ടികള്‍ക്കും മാത്രമേ ഗുണമുണ്ടായിട്ടുള്ളൂ എന്നും സിപിഐഎം വിലയിരുത്തുന്നു. മാത്രമല്ല കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം പിന്തുടരുന്നുവെന്നും മധുര പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്്ട്രീയ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: CPIM leaders in the state intensified their criticism against the Congress