കൊച്ചി: പുതുവത്സരത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ സ്ഥാപിച്ച പാപ്പാഞ്ഞിയെ നീക്കം ചെയ്യാൻ പൊലീസ് നോട്ടീസ്. സുരക്ഷാപ്രശ്നം ചൂണ്ടികാട്ടിയാണ് ഗാലാ ഡി ഫോർട്ട് കൊച്ചി ക്ലബ് സ്ഥാപിച്ച പാപ്പാഞ്ഞിയെ മാറ്റാൻ പൊലീസ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ക്രിസ്മസ്, പുതുവത്സര ആഘോഷത്തിലെ പ്രധാന പരിപാടിയാണ് പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങ്.
ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിലാണ് ഈ ചടങ്ങ് നടക്കുന്നത്. എന്നാൽ പരേഡ് ഗ്രൗണ്ടിന് വെറും രണ്ട് കിലോമീറ്റർ അകലെയുള്ള വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ഫോർട്ട് കൊച്ചി ക്ലബ് പാപ്പാഞ്ഞിയെ നിർമിച്ചത്. പരേഡ് ഗ്രൗണ്ടിൽ മാത്രം ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഇനി സ്വകാര്യ ക്ലബുകളുടെ പാപ്പാഞ്ഞിയെ കത്തിക്കൽ പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കാൻ കഴിയില്ലെന്നുമാണ് പൊലീസ് നിർദ്ദേശം. മറ്റാരെങ്കിലും ഈ ചടങ്ങിന് മുൻപെ ഈ പാപ്പാഞ്ഞിയെ കത്തിച്ചാൽ അത് വലിയ സുരക്ഷ പ്രശ്നമുണ്ടാക്കുമെന്നും പൊലീസ് പറയുന്നു. 24 മണിക്കൂറിനുള്ളിൽ പാപ്പാഞ്ഞിയെ മാറ്റണമെന്നാണ് നോട്ടീസിൽ പറയുന്നത്.
കഴിഞ്ഞ ന്യൂ ഇയർ ആഘോഷത്തിൽ പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങിൽ സുരക്ഷാ വീഴ്ച്ചയുണ്ടായിരുന്നു.
പരേഡ് ഗ്രൗണ്ടിലെ പാപ്പാഞ്ഞിക്ക് ഔദ്യോഗിക തീ കൊളുത്തലിന് മുന്നേ അന്ന് തീപിടിക്കുകയായിരുന്നു. സമീപത്ത് നിന്നയാൾ എറിഞ്ഞ പടക്കത്തിൽ നിന്ന് തീ പടരുകയായിരുന്നു. കെ ജെ മാക്സി എംഎൽഎ അടക്കമുള്ളവർ തലനാരിഴക്കായിരുന്നു അന്ന് രക്ഷപ്പെട്ടത്.
content highlight- Papanji should be removed, police pointed out the security problem, notice to remove Papanji from veli ground