പാലക്കാട്: സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകരെ പരിഹസിച്ച് മുൻ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ സംഘപരിവാർ ക്രിസ്തുമസ് കേക്കുമായി ക്രൈസ്തവ ഭവനങ്ങളിൽ എത്തുന്നതാണെന്നായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
'സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തഭവനങ്ങളിൽ എത്തുന്നതാണ്' എന്നായിരുന്നു സന്ദീപിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
പാലക്കാട് നല്ലേപ്പിള്ളി ഗവ:യു പി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിനായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴായിരുന്നു വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ എത്തിയത്. ഇവർ പ്രധാനാധ്യാപികയെയും അധ്യാപകരെയും അസഭ്യം പറഞ്ഞു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനിൽകുമാർ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ , തെക്കുമുറി വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തത്.
content highlight- Sandeep varier mocks Sangh Parivar, 'Soon after getting bail, he will come to Christian homes with Christmas cake'