തിരൂരങ്ങാടി: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ ഡിജിപിക്ക് പരാതി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് യു അബ്ദുല്‍ റസാഖാണ് പരാതി നല്‍കിയത്. കേരളത്തിലെ സമാധാന അന്തരീക്ഷം തകത്ത് സാമുദായിക സംഘട്ടനമുണ്ടാക്കാനാണ് എ വിജയരാഘവൻ്റെ ശ്രമമെന്ന് അബ്ദുല്‍ റസാഖ് പറയുന്നു. വിജയരാഘവനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഒന്നടങ്കം വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുന്ന രീതിയിലായിരുന്നു വിജയരാഘവന്റെ വയനാട്ടിലെ പ്രസംഗമെന്ന് പരാതിയില്‍ പറയുന്നു. ഒരു സമൂഹത്തെയും സമുദായത്തെയും മുഴുവന്‍ വര്‍ഗീയ വാദികളാക്കി വിജയരാഘവന്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുകയാണ്. കേരളത്തിലെ ജനങ്ങളെ മതം തിരിച്ച് ചിന്തിപ്പിച്ച് വര്‍ഗീയ കലാപത്തിനാണ് വിജയരാഘവന്‍ ശ്രമിക്കുന്നത്. ഇത് തടയേണ്ടത് അനിവാര്യമാണെന്നും അബ്ദുല്‍ റസാഖ് പറഞ്ഞു.
വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് വര്‍ഗീയ വാദികളുടെ പിന്തുണയാലെന്ന വിജയരാഘവന്റെ പ്രസ്താവന ഭൂരിപക്ഷ വര്‍ഗീയ വാദികളെ തൃപ്തിപ്പെടുത്താനാണ്. കേരളത്തില്‍ ഹിന്ദു-മുസ്‌ലിം കലാപം സൃഷ്ടിക്കാനുള്ള വിജയരാഘവന്റെ ശ്രമത്തിനെതിരെ കലാപാഹ്വാനത്തിനും വ്യാജ പ്രചാരണത്തിനുമടക്കം കേസെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ഡല്‍ഹിയില്‍ എത്തിയത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയെന്നായിരുന്നു എ വിജയരാഘവന്റെ വിവാദ പ്രസ്താവന. പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട വര്‍ഗീയ ഘടകങ്ങള്‍ ആയിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു. സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലായിരുന്നു പരാമര്‍ശം.
Content Highlights- youth league leader submit complaint against cpim leader a vijayaraghavan