പാലക്കാട്: സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ ജില്ലാ കൗൺസിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിമർശനമുള്ളത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി എന്ന രീതിയിൽ ചർച്ചകൾ നടന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഇടതുമുന്നണി സ്ഥാനാർത്ഥി എന്നതിന് പകരം സിപിഐഎമ്മിൻ്റെ മാത്രം സ്ഥാനാർത്ഥി എന്ന രീതിയിലായിരുന്നു പ്രചരണം. തിരഞ്ഞെടുപ്പിൽ പെട്ടി വിഷയം കൂടുതൽ ചർച്ച ചെയ്തതത് തിരിച്ചടിയായെന്നും റിപ്പോർട്ട്.
മുഖ്യമന്ത്രിയുടെ സാദിഖലി തങ്ങൾക്കെതിരായ പ്രസംഗത്തെയും റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. ഈ പ്രസംഗം യുഡിഎഫിന് അനുകൂലമായി എന്നാണ് സിപിഐയുടെ വിലയിരുത്തൽ. മുസ്ലീം വോട്ടുകൾ ഏകീകരിക്കാൻ മുഖ്യമന്ത്രിയുടെ വാക്കുകൾ യുഡിഎഫിന് സഹായകമായെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. സരിൻ്റെ സ്ഥാനാർത്ഥിത്വം പ്രവർത്തകർക്ക് ആവേശമായി. വരും തെരഞ്ഞെടുപ്പുകളിൽ മുന്നണി ഒറ്റക്കെട്ടായി പ്രവർത്തിച്ചാലെ വിജയിക്കാൻ കഴിയു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Content Highlights: CPI strongly criticizes CPIM