കോഴിക്കോട്: പൂനെ സൈനിക ക്യാമ്പിലെ മലയാളി സൈനിക ഉദ്യോഗസ്ഥനെ കാണാതായ സംഭവത്തിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം പൂനെയിൽ എത്തി. സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. സൈബർ സെല്ലിൻ്റെ സഹായവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കമ്മീഷണർ ജമ്മുവിയും പൂനയിലെയും സൈനിക ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് പറഞ്ഞു.
കോഴിക്കോട് പാവങ്ങാട് സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. ഈ മാസം 17-ാം തീയതി മുതൽ വിഷ്ണുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അടുത്ത മാസം പതിനൊന്നാം തീയതി വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് അവധി ലഭിച്ചു എന്ന് വിഷ്ണു വീട്ടുകാരെ അറിയിച്ചത്. പതിനേഴാം തീയതി പുലര്‍ച്ചെ വാട്‌സ്ആപ്പില്‍ വോയിസ് മെസേജ് വഴി കണ്ണൂരില്‍ എത്തിയതായി വിഷ്ണു അമ്മയെ അറിയിച്ചിരുന്നു. 2.16നായിരുന്നു ഈ മെസേജ് ലഭിച്ചത്. 5.30 ന് എത്തും എന്നും അറിയിച്ചിരുന്നു. ഏത് ട്രെയിനിലാണെന്നോ, എവിടെ നിന്ന് കയറി എന്നുള്ള വിവരമൊന്നും വിഷ്ണു വീട്ടുകാരെ അറിയിച്ചിരുന്നില്ല. പുലര്‍ച്ചെ അഞ്ചരയ്ക്ക് വിഷ്ണുവിനായി വീട്ടുകാര്‍ കാത്തിരുന്നു. രാവിലെയായിട്ടും വിഷ്ണുവിനെ കാണാതായതോടെ വൈകിട്ട് 5.30 ന് എത്തും എന്നായിരിക്കും അറിയിച്ചത് എന്ന് വീട്ടുകാര്‍ കരുതി. ഇതിനിടെ വിഷ്ണുവിന്റെ ഫോണ്‍ സ്വിച്ച് ഓഫായി. ഇതോടെ കുടുംബം പൊലീസിലും കളക്ടര്‍ക്കും പരാതി നല്‍കുകയായിരുന്നു.
വിഷ്ണുവിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ പൂനെയിലാണെന്നാണ് പൊലീസ് പറയുന്നത്. വിഷ്ണുവിനെ ജമ്മു കശ്മീരിലെ ഒരു ക്ഷേത്രത്തില്‍ കണ്ടു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് ശരിയല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചിരുന്നു. വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച് പൂനെ സൈനിക ക്യാമ്പ് അധികൃതരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്.
ദേശീയ തലത്തില്‍ ബോക്‌സിങ് ചാമ്പ്യനാണ് വിഷ്ണു. കേരളത്തിനായി നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. വിഷ്ണു സൈന്യത്തില്‍ ചേര്‍ന്നിട്ട് ഒന്‍പത് വര്‍ഷമായി. ഒറീസ, അസം തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബോക്‌സിങ് പരിശീലനത്തിനായാണ് പൂനെയിലെ സൈനിക ക്യാമ്പിലേക്ക് മാറിയത്. അടുത്ത മാസം പതിനൊന്നാം തീയതി വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. മകനെ ഉടന്‍ കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Content Highlights: Malayali soldier's missing incident Special investigation team reached Pune