കൊച്ചി: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള കരട് പട്ടിക പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ജനങ്ങളുടെ ആശങ്കയിൽ പ്രതികരിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. രണ്ട് പട്ടികയ്ക്കും രണ്ട് സ്വഭാവം ഉണ്ടെന്നത് കൊണ്ടാണ് രണ്ട് ഫേസുകളുണ്ടെന്ന് പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ആദ്യത്തെ ഫേസിൽ പൂർണമായും വീട് തകർന്നവരുടെ പേരായിരിക്കും പ്രസിദ്ധീകരിക്കുക. കരട് ലിസ്റ്റായത് കൊണ്ട് പരാതികളുയരാൻ സാധ്യതയുണ്ടെന്നും 15 പ്രവൃത്തി ദിവസത്തിനുള്ളിൽ പരാതി നൽകാമെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോർട്ടറിൻ്റെ മോർണിംഗ് ഷോയായ കോഫി വിത്ത് അരുണിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
'രണ്ട് ലിസ്റ്റുകൾക്കും രണ്ട് സ്വഭാവങ്ങൾ ഉള്ളതുകൊണ്ട് ഭരണ സംവിധാനങ്ങൾക്ക് എളുപ്പമുണ്ടാകാൻ വേണ്ടിയാണ് ഫസ്റ്റ് ഫേസ്,സെക്കൻഡ് ഫേസുകൾ എന്ന് പറയുന്നത്. ആദ്യത്തെ ഫേസിൽ ദുരന്തത്തിൻ്റെ ഭാഗമായി വീട് പൂർണ്ണമായും തകർന്നവരുടെ പേരുകളായിരിക്കും പ്രസിദ്ധീകരിക്കുക. നേരത്തെ ചർച്ച ചെയ്തിരുന്ന പ്രശ്നമുള്ളതുകൊണ്ട് ഒരു ആശയം കൂടി അതിലുൾപ്പെടുത്തി. പൂർണ്ണമായും തകർന്ന വീടുകളുടെ ഉടമസ്ഥന്മാർ മാത്രമല്ല അവിടെ ദീർഘ കാലമായി വാടകയ്ക്ക് താമസിക്കുന്നവർ, ലയങ്ങളിൽ താമസിച്ച് നഷ്ടപ്പെട്ടവർ ഉൾപ്പെടെ പൂർണ്ണമായും വാഷ്ട്ഔട്ട്ആയവരുടെ ലിസ്റ്റാണ് ഒന്നാമത്തെ ലിസ്റ്റായി പ്രസിദ്ധീകരിക്കുക'എന്നും മന്ത്രി വ്യക്തമാക്കി.
റേഷൻ കാർഡിൻ്റെ വിശദാംശങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇറക്കിയിട്ടുള്ള വിശദാംശങ്ങളും കൂട്ടി തയ്യാറാക്കിയ ഒരു ലിസ്റ്റും മേപ്പാടി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ലിസ്റ്റും കൺസോൾഡേറ്റ് ചെയ്താണ് പൂർണ്ണമായും വീടില്ലാത്തവരുടെ ലിസ്റ്റ് തയ്യാറാക്കുക. ജില്ലാ കളക്ടർ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വൈസ് ചെയർമാനും വിവിധ വകുപ്പുകളിലെ പ്രതിനിധികളും അംഗങ്ങളുമുള്ള ഡിഡിഎംഎ പരിശോധിച്ച് കരടായി പുറത്തിറക്കണം. ആ ലിസ്റ്റ് സർക്കാർ കാണേണ്ട ആവശ്യമില്ല. അത് ഡിഡിഎംഎയുടെ സ്വതന്ത്രമായുള്ള അധികാരമാണ്. കരട് ലിസ്റ്റായത് കൊണ്ട് പരാതികളുയരാൻ സാധ്യതയുണ്ട്. 15 പ്രവൃത്തി ദിനങ്ങളിൽ പരാതി നൽകാം. പൊതുജനങ്ങൾ, മാധ്യമങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ, പഞ്ചായത്ത്, വ്യക്തി, പ്രസ്ഥാനം എന്നിങ്ങനെ എല്ലാവർക്കും പരാതി നൽകാൻ അധികാരമുണ്ട്. ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള രേഖകളും ഒഴിവാക്കപ്പെടേണ്ട അനർഹരുടെ രേഖകളും കൊടുക്കാമെന്നും', മന്ത്രി പറഞ്ഞു.
വെള്ളാർമല വില്ലേജ് ഓഫീസിലും മേപ്പാടി പഞ്ചായത്ത് ഓഫീസിലും പ്രത്യേക ഹെൽപ്പ് ഡെസ്കുണ്ട്. വൈത്തിരി താലൂക്കിൽ പരാതി നേരിട്ട് സ്വീകരിക്കും. സബ് കളക്റുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം പരാതികൾ പരിശോധിക്കും. വീണ്ടും ചർച്ച ചെയ്ത ശേഷം പട്ടിക പുറത്തിറക്കുമെന്നും അതിൽ പട്ടിക പൂർണമാകുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു. കരട് പട്ടികയിലെ പ്രശ്നങ്ങളിൽ ജില്ല കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആളുകൾ ഭയചകിതരാകേണ്ട ആവശ്യമില്ലെന്നും എല്ലാവരുടെയും പേര് തെളിമയോടെ പുറത്തിറക്കുന്ന അവസാന പട്ടികയിലുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Minister K Rajan reacts to Mundakai-Churalmala draft list