കൊച്ചി: കലാപാഹ്വാനക്കേസിൽ പൊലീസിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി. വാറോല കിട്ടി. ഇനി അങ്ങുന്ന് പറയുന്നത് പോലെ കേട്ടോളാമേ. ഒന്ന് പോടാപ്പാ എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള അബിൻ വർക്കിയുടെ പ്രതികരണം.
കണ്ണൂരിൽ നടത്തിയ പത്രസമ്മേളനത്തിലെ പരാമർശത്തിനെതിരെയായിരുന്നു അബിൻ വർക്കിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. ടൗൺ എസ്ഐ പി പി ഷമീലിൻ്റെ പരാതിയിലായിരുന്നു കേസ്.
കണ്ണൂർ എസിപി ടി കെ രത്നകുമാറിനെയും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയെയും ഭീഷണിപ്പെടുത്തിയതിനാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ നിർദേശം കേട്ട് കെഎസ്‌യുക്കാരെ ആക്രമിച്ചാൽ തെരുവിൽ അടിക്കുമെന്ന് അബിൻ വർക്കി നേരത്തെ പറഞ്ഞിരുന്നു. കണ്ണൂർ എസ്പിയ്ക്കെതിരെയും അബിൻ വർക്കി ഭീഷണി മുഴക്കിയിരുന്നു. കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം.
ഇങ്ങനെ പോയാൽ കണ്ണൂർ എസിപി സർക്കാർ പെൻഷൻ വാങ്ങില്ല. പാർട്ടി ഓഫീസിൽ നിന്നുള്ള നക്കാപ്പിച്ച വാങ്ങി കഴിയേണ്ടിവരും. ഇത് പഴയ കണ്ണൂരല്ലെന്ന് ടി കെ രത്‌നകുമാറും ശ്രീജിത്തും മനസിലാക്കണമെന്നും അബിൻ വർക്കി പറഞ്ഞിരുന്നു. കണ്ണൂരിൽ കെഎസ്‌യുക്കാരെ എസ്എഫ്‌ഐയോടൊപ്പം പൊലീസും വേട്ടയാടുകയാണ്. ഇതിനെ പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് ഇറങ്ങും. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അബിൻ വർക്കി വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തിൽ കേസൊന്നും ഒരു പ്രശ്‌നമല്ലെന്നും അബിൻ വർക്കി പറഞ്ഞിരുന്നു. എക്കാലവും പി ശശി കേരളം ഭരിക്കുമെന്ന പ്രതീക്ഷ ഇവർക്ക് വേണ്ട. കണ്ണൂർ പണ്ടത്തെ കണ്ണൂരൊന്നുമല്ലെന്ന് ഓർക്കണം. സമരത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കെഎസ്‌യു നേതാവ് അർജുൻ കോറോത്തിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തത് ദിവൃ ദൃഷ്ടിയിൽ കണ്ടതുകൊണ്ടാണോയെന്നും അബിൻ ചോദിച്ചിരുന്നു. നേരത്തെ കണ്ണൂരിലെ കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിലായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം.
Content Highlights: Abin Varkey mocking Kerala Police