'ബിജെപി പ്രതിനിധിയെ അല്ല, ഞങ്ങൾ ക്ഷണിച്ചത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ'; മാർ ആൻഡ്രൂസ്​ താ​ഴത്ത്

'രാഷ്ട്രീയ പാർട്ടി നോക്കിയല്ല വിളിച്ചത്'

dot image

തൃശ്ശൂർ: കാത്തലിക്​ ബിഷപ്​സ്​ കോൺഫറൻസ്​ ഓഫ്​ ഇന്ത്യ ഡൽഹിയിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതിൽ സന്തോഷമുണ്ടെന്ന് തൃശൂർ അതിരൂപത ആർച്ച്​ ബിഷപ്പും സിബിസിഐ പ്രസിഡന്‍റുമായ മാർ ആൻഡ്രൂസ്​ താ​ഴത്ത്​. പ്രധാനമന്ത്രി നൽകിയ അംഗീകാരം സിബിസിഐ (കാത്തലിക്​ ബിഷപ്​സ്​ കോൺഫറൻസ്​ ഓഫ്​ ഇന്ത്യ) സ്വീകരിക്കുന്നുവെന്നും മാർ ആൻഡ്രൂസ്​ താ​ഴത്ത് പറഞ്ഞു.

ഞങ്ങൾ ക്ഷണിച്ചത് ​ബിജെപി പ്രതിനിധിയെ അല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ആണ്. രാഷ്ട്രീയ പാർട്ടി നോക്കിയല്ല വിളിച്ചതെന്നും ആർച്ച്​ ബിഷപ്പ് പ്രതികരിച്ചു. ഭരണഘടന അനുസരിച്ച് എല്ലാവരെയും ഉൾക്കൊള്ളിച്ച് വേണം ഭാരതത്തിന്റെ വളർച്ച എന്നാണ് പറഞ്ഞത്. മാർ മിലിത്തിയോസിന്റെ പ്രസ്താവനയിൽ പ്രതികരണമില്ലെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി. പ്രധാനമന്ത്രി പോസിറ്റീവായ മറുപടിയാണ് നൽകിയത്. എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യമുള്ള ഭരണഘടനയാണ് ഇന്ത്യയുടേത്. മതസൗഹാർദ്ദത്തോടെ പ്രവർത്തിക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. ആക്രമണങ്ങളെ ഇന്ത്യയിൽ ഒരു പൗരനും അംഗീകരിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡല്‍ഹിയില്‍ സിബിസിഐ ആസ്ഥാനത്ത് നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി കഴി‍ഞ്ഞ ദിവസം പങ്കെടുത്തിരുന്നു. പരിപാടിയില്‍ നിരവധി മതപുരോഹിതന്മാര്‍, പൗരപ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

 പാലക്കാട് സ്‌കൂളിൽ ക്രിസ്മസ് കരോൾ തടഞ്ഞ സംഭവത്തിലും, പുൽക്കൂട് തകർത്ത സംഭവത്തിലും പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്തയുടെ പ്രതികരണം. 'അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട്‌ വന്ദിക്കുന്നു. ഇവിടെ പുൽക്കൂട്‌ നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക്‌‌ മലയാളത്തിൽ എന്തോ പറയുമല്ലോ..!' എന്നായിരുന്നു മാർ മിലിത്തിയോസിന്റെ പരിഹാസം.

പിന്നീട്  റിപ്പോർട്ടറിനോട് നടത്തിയ പ്രതികരണത്തിലും വലിയ വിമർശനമാണ് യൂഹാനോൻ മാർ മിലിത്തിയോസ്‌ ഉന്നയിച്ചത്. 'പ്രധാനമന്ത്രി ബിജെപിയുടെ പ്രതിനിധിയാണ്. ഇതേ ബിജെപിയുടെ പോഷക സംഘടനയാണ് പാലക്കാട് പുൽക്കൂടുകൾ നശിപ്പിച്ചത്. ഇവർ തന്നെയാണ് ക്രൈസ്തവ, മുസ്ലിം പള്ളികൾ പൊളിക്കാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രി ക്രിസ്ത്യാനികളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു. അതേസമയം ഉപഘടകങ്ങൾ ക്രിസ്ത്യാനികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മറ്റൊരു ശൈലിയിലേ കേരളത്തിൽ കാര്യങ്ങൾ നടത്താനാകു എന്ന് അവർക്കറിയാം. അത് സവർക്കറുടെ പദ്ധതിയാണ്. ഒന്നുകിൽ രാജ്യം വിട്ടുപോകുക അല്ലെങ്കിൽ സവർണ്ണ ഹിന്ദുക്കൾക്ക് അടിമയായി ജീവിക്കുക എന്നതാണ് ഇവരുടെ നിലപാട് എന്നും സംഘപരിവാറിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ നാടകീയ മാർഗമാണെന്നായിരുന്നു' യൂഹാനോൻ മാർ മിലിത്തിയോസിൻ്റെ വിമർശനം.

Content Highlights: Andrews Thazhath says, We invited the Prime Minister of the country, not the BJP representative

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us