ഇടുക്കി: കട്ടപ്പന റൂറല്‍ ഡെവലപ്പ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് നടപടി.
സെക്രട്ടറി റെജി , ഉദ്യോഗസ്ഥരായ ബിനോയ്, സുജമോള്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ജീവനൊടുക്കിയ സാബു ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്ന മൂന്ന് പേരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബോര്‍ഡ് മീറ്റിങ് കൂടിയാണ് സസ്‌പെന്‍ഷന്‍ സംബന്ധിച്ച തീരുമാനമെടുത്തത്.
ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടതെന്നായിരുന്നു സാബു ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്. ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. തന്റെ സമ്പാദ്യം മുഴുവനും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും കത്തില്‍ ഉണ്ടായിരുന്നു.
കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് ജീവനൊടുക്കിയത്. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് സാബു ജീവനൊടുക്കിയത്. സാബു ബാങ്കിലെത്തി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലഭിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നു. വ്യാപാരിയാണ് മരിച്ച സാബു. കിടപ്പുരോഗികളായ മാതാപിതാക്കള്‍ക്കും ചികിത്സയിലുള്ള ഭാര്യയ്ക്കും ഏക ആശ്രയമായിരുന്നു സാബു.
Content Highlight: Charges of 'abetment of suicide' charged against bank employees in death of investor in Kattappana