കൊച്ചി: ദക്ഷിണേന്ത്യയിലെ ആഡംബര ടൂറിസം ട്രെയിനായ ഗോള്‍ഡന്‍ ചാരിയറ്റിൻ്റെ കൊച്ചിയിലെ കന്നിയാത്രയില്‍ തന്നെ അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് ദാരുണാന്ത്യം. ഗോള്‍ഡന്‍ ചാരിയറ്റ് ഇടിച്ച് കമലേഷ് എന്ന യുവാവാണ് മരിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനമായി സര്‍വീസ് നടന്ന വെല്ലിങ്ടണ്‍ ഐലന്‍ഡിലെ വാത്തുരുത്തിക്കടുത്തായിരുന്നു സംഭവം.
31 ടൂറിസ്റ്റുകളേയും വഹിച്ചാണ് കര്‍ണാടകയില്‍ നിന്നുള്ള ഗോള്‍ഡന്‍ ചാരിയറ്റ് ഇവിടേയ്ക്ക് എത്തിയത്. എന്നാല്‍ ട്രെയിന്‍ വരുന്നത് സംബന്ധിച്ച് നേരത്തെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഉപയോഗശൂന്യമായ റെയില്‍വേ ട്രാക്കില്‍ അതിഥിതൊഴിലാളികള്‍ അടക്കം വിശ്രമിക്കാനെത്തുന്നത് പതിവാണ്. ഇതിനിടെയാണ് മുന്നറിയിപ്പില്ലാതെ പാളത്തിലൂടെ ട്രെയിനെത്തിയത്. യുവാവിനെ ഇടിച്ച ട്രെയിന്‍ കടന്നുപോയ ശേഷം സ്ഥലത്തെത്തിയ മറ്റൊരാളാണ് ട്രെയിനിടിച്ച് ഒരാള്‍ കിടക്കുന്നത് കണ്ടത്. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയാണ്.
വെല്ലിങ്ടണ്‍ ഐലന്‍ഡിലെത്തുന്ന വിനോദസഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രമാണ് ഈ റെയില്‍പ്പാതയും കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസും. എന്നാല്‍ ഇവ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ചരക്കുട്രെയിനുകള്‍ വന്നാല്‍പോലും പലപ്പോഴും മട്ടാഞ്ചേരി ഹാള്‍ട്ട് വരെ മാത്രമേ എത്താറുള്ളൂ. മട്ടാഞ്ചേരി ഹാള്‍ട്ടിനും ഹാര്‍ബര്‍ ടെര്‍മിനസിനും ഇടയിലേക്ക് ട്രെയിന്‍ സാധാരണഗതിയില്‍ വരാതിരുന്നതും കൃത്യമായ മുന്നറിയിപ്പ് നല്‍കാതിരുന്നതുമാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.
Content Highlight: Man died after south India's premium train hits in Kochi