പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നടന്നത് ആശങ്ക ഉണ്ടാക്കുന്ന വിഷയമാണെന്നും ഒരിക്കലും സംഭവിക്കരുതായിരുന്നുവെന്നും പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചു പുരക്കൽ. ക്രിസ്മസ് ക്രൈസ്തവരുടെ മാത്രം ആഘോഷമല്ലായെന്നും ആരെയും വെറുപ്പിക്കുന്നതോ ബുദ്ധിമുട്ടിക്കുന്നത് ആയ വിശ്വാസങ്ങൾ ക്രൈസ്തവർക്കിടയിൽ ഇല്ലായെന്നും കൊച്ചു പുരക്കൽ അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ആരൊക്കെ ഇതിന് ഒത്താശ ചെയ്യുന്നതെന്ന് അറിയണമെന്നും അദ്ദേഹം ചോദിച്ചു.
ക്രൈസ്തവരുടെ വിശ്വാസപരമായ കാര്യങ്ങൾക്കെതിരെയുള്ള നീക്കങ്ങളും, അതിൻ്റെ ഏറ്റവും പുതിയ മുഖങ്ങളുമാണ് പാലക്കാട് കാണുന്നത്. തത്തമംഗലത്ത് നടന്നതും കരുതിക്കൂട്ടിയുള്ള ആക്രമണമാണ്.ആരെങ്കിലും ഒത്താശ ചെയ്തു കൊടുത്തതിൻ്റെ ഫലമാണോ ഇതെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ അതിൻ്റെ അർത്ഥം അവരും ഒത്താശ ചെയ്തു കൊടുത്തു എന്നാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ചിറ്റൂരിലെ രണ്ട് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അസഹിഷ്ണുതയിൽ പ്രതികരണവുമായാണ് മാർ പീറ്റർ കൊച്ചു പുരക്കൽ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം സ്കൂളിൽ കരോൾ ആഘോഷം സംഘടിപ്പിച്ചതിന്റെ പേരിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പാലക്കാട് നല്ലേപ്പിള്ളി സർക്കാർ യുപി സ്കൂളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിഎച്ച്പി പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു. വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനിൽകുമാർ, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധൻ എന്നിവരെയാണ് സംഭവത്തിൽ റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായും പരാതി ഉയർന്നിരുന്നു. പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് അജ്ഞാതർ തകർത്തതായി കണ്ടെത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Content highlight- 'Christmas is not a celebration of Christians alone, what happened in Palakkad Chittoor is a matter of concern'