കോഴിക്കോട്: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്ന് വിജിലൻസ്. കൈക്കൂലി നൽകിയെന്ന പ്രശാന്തൻ്റെ ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. സാഹചര്യ തെളിവുകളോ ഡിജിറ്റൽ തെളിവുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് അടുത്തയാഴ്ച സമർപ്പിക്കും.
മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാൻ പരാതിക്കാരനായ പ്രശാന്തന് കഴിഞ്ഞില്ല. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. റിപ്പോർട്ട് തയ്യാറാക്കുന്നതേയുള്ളൂ എന്ന് വിജിലൻസ് വ്യക്തമാക്കി.
എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് നേരത്തെ റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ല. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ രാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രമവിരുദ്ധമായി നവീന്‍ ബാബു ഒന്നും ചെയ്തിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തൻ്റെ ആരോപണം. ശ്രീകണ്ഠപുരം നെടുവാലൂരിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പെട്രോൾപമ്പ് തുടങ്ങാനാണ് പ്രശാന്തൻ അപേക്ഷ സമർപ്പിച്ചത്. എൻഒസി ലഭിക്കണമെങ്കിൽ കൈക്കൂലി നൽകണമെന്ന് നവീൻ ബാബു ആവശ്യപ്പെട്ടതായാണ് ആരോപണം. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജീവനക്കാരനായിരുന്നു പ്രശാന്തൻ.
ഒരു ലക്ഷം രൂപ നവീൻ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താൻ കൊടുത്തെന്ന് പ്രശാന്തൻ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചിരുന്നു. പണം തന്നില്ലെങ്കിൽ പമ്പിന് അനുമതി ലഭിക്കാത്ത തരത്തിൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. ക്വാട്ടേഴ്‌സിൽ വെച്ചാണ് പണം നൽകിയത്. ഇക്കാര്യം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നുമായിരുന്നു നേരത്തെ പ്രശാന്തൻ്റെ പ്രതികരണം.
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെത്തി കണ്ണൂർ ജില്ലാ പ്രസിഡൻ്റായിരുന്ന പിപി ദിവ്യ നടത്തിയ പ്രസംഗമാണ് നവീൻ ബാബുവിൻ്റെ മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് പരാതി. ചടങ്ങിൽ ക്ഷണിക്കപ്പെടാതെയെത്തിയ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യ എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നും പത്തനംതിട്ടയിൽ ഈ രീതിയിൽ പ്രവർത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിമർശനങ്ങൾ ശക്തമായതോടെ പി പി ദിവ്യക്ക് സംരക്ഷണമൊരുക്കാൻ സിപിഐഎം ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് പുറത്താക്കുകയായിരുന്നു.
Content Highlights: Allegation of bribery Vigilance clean chit for deceased Naveen Babu