കോഴിക്കോട്: മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്‍, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്‍റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പാതിരാവും പകൽവെളിച്ചവും ആണ് ആദ്യ നോവൽ. പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യ നോവൽ നാലുകെട്ടാണ് (1958). അന്ന് 25 വയസ്സായിരുന്നു എം ടിയുടെ പ്രായം. 1959ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നാലുകെട്ടിനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം (1969), വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം (1984) , എൻ.പി.മുഹമ്മദും ചേർന്ന് എഴുതിയ അറബിപ്പൊന്ന് (1960), അസുരവിത്ത് (1962), മഞ്ഞ് (1964), വിലാപയാത്ര (1978), വാരാണസി (2002) എന്നിവയാണ് പ്രധാന നോവലുകള്‍. ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, രക്തം പുരണ്ട മണ്‍ത്തരികള്‍, വെയിലും നിലാവും , വേദനയുടെ പൂക്കൾ, നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, ഡാർ എസ് സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, ഷര്‍ലക്, തുടങ്ങി വായനക്കാര്‍ നെഞ്ചോടു ചേര്‍ത്ത നിരവധി കഥകളും എം ടിയുടെ തൂലികയില്‍ പിറന്നു.
തകഴിയെക്കുറിച്ചും, മോഹിനിയാട്ടത്തെപ്പറ്റിയും എം ടി ഡോക്യൂമെന്‍ററികളുമൊരുക്കിയിട്ടുണ്ട്. ഗോപുരനടയിൽ എന്ന പേരില്‍ നാടകവും രചിച്ചു. ആൾക്കൂട്ടത്തിൽ തനിയെ,മനുഷ്യർ നിഴലുകൾ, വൻകടലിലെ തുഴവള്ളക്കാർ എന്നീ യാത്രാവിവരണങ്ങളെഴുതി എൻ പി മുഹമ്മദുമായി ചേര്‍ന്ന് 10 വിശ്വോത്തര കഥകൾ വിവര്‍ത്തനം ചെയ്തു. മാണിക്യക്കല്ല്, ദയ എന്ന പെൺകുട്ടി, തന്ത്രക്കാരി എന്നീ ബാലസാഹിത്യ കൃതികളും എം ടിയുടേതായി പുറത്തുവന്നു. കാഥികന്‍റെ പണിപ്പുര, ഹെമിങ്‌വേ-ഒരു മുഖവുര, കാഥികന്‍റെ കല എന്നീ സാഹിത്യപഠനങ്ങൾ കിളിവാതിലിലൂടെ, ഏകാകികളുടെ ശബ്‌ദം, രമണീയം ഒരു കാലം, സ്നേഹാദരങ്ങളോടെ, ഓർമക്കുറിപ്പുകൾ: അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി തുടങ്ങിയ ലേഖനങ്ങളും എം ടി രചിച്ചിട്ടുണ്ട്. ചിത്രത്തെരുവുകൾ എന്ന പേരിൽ ചലച്ചിത്രസ്മരണകൾ പുസ്തകമായി. വാക്കുകളുടെ വിസ്‌മയം എന്ന തലക്കെട്ടില്‍ പ്രസംഗങ്ങളുടെ സമാഹാരവും എം ടിയുടെ പേരിൽ പുറത്ത് വന്നിരുന്നു.
സാഹിത്യജീവിതത്തിന്‍റെ തുടര്‍ച്ച തന്നെയായിരുന്നു എംടിയ്ക്ക് സിനിമാജീവിതവും. 1965 ല്‍ സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടിയുടെ സിനിമാ പ്രവേശം. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശ്ശിരാജ, താഴ്‌വാരം, അക്ഷരങ്ങൾ,ആൾക്കൂട്ടത്തിൽ തനിയെ തുടങ്ങി അറുപതോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. നിര്‍മ്മാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.1974 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന പുരസ്‌ക്കാരങ്ങളും രാഷ്‌ട്രപതിയുടെ സ്വർണമെഡലും നിർമ്മാല്യത്തെ തേടിയെത്തി. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുള്ള അദ്ദേഹത്തെ തേടി മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ എത്തി. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ സിനിമകൾക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്.
1933 ജൂലൈ 15ന് ടി നാരായണന്‍ നായരുടെയും തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകനായാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായര്‍ ജനിച്ചത്. കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മലമക്കാവ് എലിമെൻ്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജില്‍ രസതന്ത്രം ഐച്ഛിക വിഷയമായെടുത്ത് ബിരുദപഠനം പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്‌കൂള്‍ അധ്യാപകനായി.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ സാഹിത്യരചന തുടങ്ങിയ എംടിയുടെ കഥകള്‍ കോളേജ് കാലത്ത് ജയകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കോളേജ് പഠനകാലത്താണ് 'രക്തം പുരണ്ട മണ്‍തരികള്‍' എന്ന ആദ്യകഥാസമാഹാരം പുറത്തിറങ്ങിയതും.
1954ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മലയാളത്തില്‍ മാതൃഭൂമി നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം എം ടിക്കായിരുന്നു. 'വളര്‍ത്തുമൃഗങ്ങള്‍' എന്ന ആ ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നതോടെയാണ് എം ടിയുടെ സാഹിത്യജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. അങ്ങനെ എം ടി വാസുദേവൻ നായർ എന്ന പേര് മലയാളത്തിലെ വായനാസമൂഹത്തിലേക്കെത്തി.
'പാതിരാവും പകല്‍വെളിച്ചവും' എന്ന ആദ്യനോവല്‍ ഇതേ സമയത്ത് ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ 'നാലുകെട്ട്'ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പിന്നീട് 'സ്വര്‍ഗം തുറക്കുന്ന സമയം', 'ഗോപുരനടയില്‍' എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 'കാലം'- കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1970), 'രണ്ടാമൂഴം'- വയലാര്‍ അവാര്‍ഡും (1985), 'വാനപ്രസ്ഥം'- ഓടക്കുഴല്‍ അവാര്‍ഡും നേടിയിട്ടുണ്ട്. 1995ൽ ജ്ഞാനപീഠ പുരസ്‌കാരം എംടിക്ക് ലഭിച്ചു. 2005ല്‍ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു. 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.
അധ്യാപക ജീവിതത്തിൽ നിന്ന് മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍ സ്ഥാനത്തേക്ക് അദ്ദേഹം എത്തി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തു നിന്നു വിരമിച്ച ശേഷം തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനായിരുന്നു. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ എംടിക്ക് സ്വന്തമാണ്.
രണ്ട് തവണ വിവാഹിതനായ എംടിയുടെ ആദ്യഭാര്യ എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയാണ്. പിന്നീടാണ് പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയെ വിവാഹം ചെയ്തത്. കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലുള്ള വീട് 'സിതാര'യിലായിരുന്നു ഏറെക്കാലമായി എംടിയുടെ താമസം.
Content Highlight: M T Vasudevan Nair Passed away