കോഴിക്കാട്: വിശേഷണങ്ങൾക്ക് അതീതനായ മഹാ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായരെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. എം ടി യെ ജ്യേഷ്ഠ സഹോദരനായാണ് താൻ കണ്ടിട്ടുള്ളതെന്നും എം ടിയുടെ വേർപാട് മലയാളത്തിനും വ്യക്തിപരമായി തനിക്കും നഷ്ടമാണെന്നും അടൂർ പറഞ്ഞു.
'മലയാള സാഹിത്യത്തിലെ മഹാ പ്രതിഭയായാണ് അദ്ദേഹത്തെ ഞാൻ കണ്ടിട്ടുള്ളത്. വിശാലമായ എഴുത്തായിരുന്നു എംടിയുടേത്. പത്രാപധിപർ എന്ന തരത്തിൽ മലയാളത്തിലെ പുതിയ പല ധാരകളെയും കണ്ടെത്തുകയും പുതുമയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ദീർഘ വീക്ഷണം ഉള്ളയാളായിരുന്നു അദ്ദേഹം. ഏതൊക്കെ വേഷത്തിൽ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാലും ആ മേഖലയിൽ മറ്റുള്ളവരെ അദ്ദേഹം അതിശയിപ്പിച്ചു.' എന്നും അടൂർ ഗോപാലകൃഷ്ണൻ മാധ്യമങ്ങെളോട് പറഞ്ഞു.
ധാരാളം സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണങ്ങളും അദ്ദേഹം രചിച്ചു. സാധാരണ കാഴ്ചക്കാരൻ ശ്രദ്ധിക്കാതെ പോകുമായിരുന്ന ഇടത്തരം സിനിമകൾ എം ടിയുടെ രചനയുടെ ഭംഗി കൊണ്ട് ശ്രദ്ധിക്കാൻ തുടങ്ങിയെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ (91) ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകൻ, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തൻ്റെ കൈയൊപ്പ് ആഴത്തിൽ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.
content highlight- 'Great writer, who is beyond description, has seen MT as his elder brother'; Adoor Gopalakrishnan