കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മന്ത്രി എം ബി രാജേഷ്. മലയാളം എന്ന വികാരത്താല്‍ കോര്‍ത്തിണക്കപ്പെട്ട എല്ലാ കേരളീയര്‍ക്കും ഏറ്റവും ദുഃഖകരമായ വാര്‍ത്തയാണിത്. എം ടി കാലദേശങ്ങള്‍ക്കപ്പുറം വളര്‍ന്ന പ്രതിഭയാണ്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള കേരളത്തിന്റെ സഞ്ചാരത്തില്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. എം ടി ഇല്ലാത്ത കേരളവും മലയാള സാഹിത്യവും അക്ഷരാര്‍ത്ഥത്തില്‍ അനാഥമാണ്. അദ്ദേഹത്തിൻ്റെ അക്ഷരങ്ങളിലൂടെ ആ ഓര്‍മകളെ നമുക്ക് ചേര്‍ത്തുനിര്‍ത്താം. കുടുംബാംഗങ്ങളുടെയും എം ടിയുടെ സാഹിത്യാസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു, ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ആ രണ്ടക്ഷരം കൊണ്ട് അടയാളപ്പെടുത്തപ്പെട്ട മഹാപ്രതിഭ ഓർമയായി. മലയാളം എന്ന വികാരത്താൽ കോർത്തിണക്കപ്പെട്ട എല്ലാ കേരളീയർക്കും ഏറ്റവും ദുഃഖകരമായ വാർത്തയാണിത്. ഒരു വഴിവിളക്കാണ് അണഞ്ഞുപോയത്. എപ്പോഴും മുന്നോട്ടുള്ള വഴികാട്ടിയിട്ടുള്ള ഒരാൾ. ഈ ശൂന്യത ഏറെക്കാലം നിലനിൽക്കും.
ഇക്കഴിഞ്ഞ ദിവസം വിക്ടോറിയ കോളേജിലെ ഒരു പരിപാടിയിലും അവിടത്തെ പൂർവ വിദ്യാർത്ഥിയായിരുന്ന എം ടി യെക്കുറിച്ച് പരാമർശിച്ചിരുന്നു. എം ടി കാലദേശങ്ങൾക്കപ്പുറം വളർന്ന പ്രതിഭയാണ്. നിയമസഭയിൽ ഞാൻ പ്രതിനിധീകരിക്കുന്ന തൃത്താലയിലെ കൂടല്ലൂരാണ് അദ്ദേഹം ജനിച്ചതെങ്കിലും, കൂടല്ലൂരിന്റെയും ഭാരതപ്പുഴയുടെയും ഭൂമിശാസ്ത്ര, സാമൂഹ്യ, സാംസ്കാരിക സവിശേഷതകൾ ഒട്ടും ഒഴിവാക്കാതെ തന്റെ കൃതികളിൽ ആവാഹിച്ചെങ്കിലും ഒരു വിശ്വമലയാളി എന്ന നിലയിലാണ് ഓരോ മലയാളിയുടെയും മനസ്സിൽ അദ്ദേഹം അടയാളപ്പെടുത്തപ്പെട്ടത്.
കേരളത്തിലെ ജന്മി-നാടുവാഴിത്ത സാമൂഹ്യഘടനയുടെ തകർച്ചയുടെ കാലത്ത്, ആ അന്തരാളഘട്ടത്തിൽ, പഴയ മാമൂലുകൾക്കെതിരെ ഉറച്ച നിലപാടെടുത്ത എഴുത്തുകാരനാണ് അദ്ദേഹം. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള കേരളത്തിന്റെ സഞ്ചാരത്തിൽ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. എം ടി കൃതികളിൽ ആ നിലപാട് തെളിഞ്ഞുകിടക്കുന്നത് കാണാൻ കഴിയും. കാലം, നാലുകെട്ട്, ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയ കൃതികളിൽ അന്നത്തെ സാമൂഹ്യാന്തരീഷം മനസ്സിലാക്കാൻ കഴിയും. രണ്ടാമൂഴം പോലുള്ള, ഇതിഹാസത്തിൽ നിന്നുള്ള പുനരാഖ്യാനങ്ങൾ ഇന്ത്യൻ സാഹിത്യത്തിൽ തന്നെ വിരളമാണ്.
എം ടിയെ പോലുള്ള ബഹുമുഖ പ്രതിഭകൾ അപൂർവമാണ്. സാഹിത്യത്തിലെന്നപോലെ മലയാള സിനിമയിലും പെരുന്തച്ചനായിരുന്നു അദ്ദേഹം. അദ്ദേഹം സംവിധാനം ചെയ്ത 'നിർമാല്യം' മികച്ച സിനിമക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടി. നിർമാല്യം ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ്. എം ടിയുടെ തിരക്കഥകൾ മലയാള സിനിമയുടെ ഘടനയെത്തന്നെ മാറ്റിമറിച്ചു. ആധുനികതയിലേക്ക് മലയാള സിനിമയെ നയിച്ച സിനിമാകാരനായിരുന്നു എം ടി. മലയാള കഥാസാഹിത്യത്തിൽ രണ്ടു തലമുറയിലെ പ്രമുഖരായ കഥാകാരന്മാരെയും കഥാകാരികളെയും വളർത്തിയെടുത്ത മഹാനായ പത്രാധിപരുമായിരുന്നു അദ്ദേഹം.
ഞാൻ നിയമസഭാ സ്പീക്കറാകുന്നതുവരെ എം ടിയെ സാഹിത്യകൃതികളിലും അകലെനിന്നും മാത്രമേ കണ്ടിട്ടുള്ളൂ. പൊന്നാനി എം എൽ എ സ. നന്ദകുമാറാണ് ഒരു ദിവസം പറഞ്ഞത്, ചില കാര്യങ്ങൾ രാജേഷുമായി സംസാരിക്കാൻ എം ടി ആഗ്രഹിക്കുന്നുവെന്ന്. അങ്ങനെയാണ് തിരൂർ തുഞ്ചൻ പറമ്പിൽ പോയി എംടിയെ കണ്ടത്. അവിടേക്ക് പോകുമ്പോഴും ആശങ്കയുണ്ടായിരുന്നു, എം ടി അധികം സംസാരിക്കില്ല, എങ്ങനെയായിരിക്കും കൂടിക്കാഴ്ച എന്ന്. എന്നാൽ അധികം സംസാരിക്കാത്ത എം ടി അന്ന് രാവിലെ മുതൽ ഉച്ച വരെ സംസാരിച്ചു. സാഹിത്യം, രാഷ്ട്രീയം, കല, കൂടല്ലൂരിലെ മാടത്ത് തെക്കേപ്പാട്ട് തറവാട് വീട്, തുഞ്ചൻ പറമ്പ് ഒക്കെ സംസാര വിഷയങ്ങളായി. എന്റെ നാടിന്റെ എം എൽ എ ആണല്ലോ എന്നാണ് എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. സ്വന്തം നാടിന്റെ ജനപ്രതിനിധി എന്ന നിലയിലാണ് പരിഗണിച്ചത്. ഒന്നിച്ച് ഉച്ചഭക്ഷണം കഴിച്ചാണ് അന്ന് പിരിഞ്ഞത്. കോഴിക്കോടിനെ യു എൻ സാഹിത്യ പൈതൃക നഗരമായി പ്രഖ്യാപിച്ച വേളയിൽ അദ്ദേഹത്തിന് പുരസ്കാരം നൽകാനും അവസരം ലഭിച്ചു. എ പ്രദീപ്‌കുമാറുമൊന്നിച്ച് കോഴിക്കോട്ട് എം ടിയുടെ വീട്ടിൽ പോയും അദ്ദേഹത്തെ കണ്ടു.
എം ടി ഇല്ലാത്ത കേരളവും മലയാള സാഹിത്യവും അക്ഷരാർത്ഥത്തിൽ അനാഥമാണ്. അദ്ദേഹത്തിന്റെ അക്ഷരങ്ങളിലൂടെ ആ ഓർമകളെ നമുക്ക് ചേർത്തുനിർത്താം. കുടുംബാംഗങ്ങളുടെയും എം ടിയുടെ സാഹിത്യാസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.