ഈ നഷ്ടം എളുപ്പം നികത്താന്‍ സാധിക്കില്ല; വിതുമ്പി ടി പത്മനാഭന്‍

'ഏറ്റവുമൊടുവില്‍ കണ്ടത് രണ്ട് വര്‍ഷം മുമ്പാണ് തിരുവനന്തപുരത്തുവെച്ച്, അദ്ദേഹത്തിനും എനിക്കും വിഷമമുണ്ട്'

dot image

കോഴിക്കോട്: എം ടി വാസുദേവന്‍ നായരെ അനുസ്മരിച്ച് കഥാകൃത്ത് ടി പത്മനാഭന്‍. എം ടിയുടേത് നികത്താനാകാത്ത നഷ്ടമാണെന്ന് ടി പത്മനാഭന്‍ പറഞ്ഞു. വിതുമ്പിക്കൊണ്ടായിരുന്നു ടി പത്മനാഭന്റെ പ്രതികരണം.

'ഒരാള്‍ മരിച്ചാല്‍ ആര്‍ക്കും ദുഃഖമുണ്ടാവില്ലേ. എനിക്കും ദുഃഖമുണ്ട്. വളരെ കാലത്തെ പരിചയമാണ്. 1950 മുതലുള്ള പരിചയമാണ്. 75 കൊല്ലമായില്ലേ. ധാരാളം അനുഭവങ്ങളുണ്ട്. നല്ലതും ചീത്തയുമായ… സമ്മിശ്ര അനുഭവങ്ങളാണ്. അദ്ദേഹം കഴിഞ്ഞ ഒന്നു രണ്ട് ആഴ്ചയായി പ്രായാധിക്യത്തിന്റെ വിഷമങ്ങളായി ബുദ്ധിമുട്ടുകയായിരുന്നു. എനിക്ക് പോകാനോ കാണാനോ കഴിഞ്ഞിട്ടില്ല. ഒരു വീഴ്ചയുണ്ടായതിനാല്‍ മൂന്നാഴ്ചയായി ചികിത്സയിലാണ്. അല്ലെങ്കില്‍ കൃത്യമായി എം ടിയെ കാണാന്‍ പോകുമായിരുന്നു. ഏറ്റവുമൊടുവില്‍ കണ്ടത് രണ്ട് വര്‍ഷം മുമ്പാണ് തിരുവനന്തപുരത്തുവെച്ച്. അദ്ദേഹത്തിനും എനിക്കും വിഷമമുണ്ട്. അന്ത്യം ഇത്രയും വേഗത്തില്‍ വരുമെന്ന് വിചാരിച്ചില്ല. എന്നെപ്പോലെയല്ല അദ്ദേഹം. ഞാന്‍ ചെറിയ മേഖലയില്‍ ഒതുങ്ങികൂടിയവനാ. എം ടി അങ്ങനെയല്ല. കഥകളെഴുതി, നോവല്‍ എഴുതി, നാടകം, സിനിമാ തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചു. അദ്ദേഹത്തിന്റെ ലോകം വളരെ വിശാലമാണ്. എന്റേത് ചെറുതാണ്. എന്റെ സന്‍മനസുകൊണ്ടല്ല അത്. എനിക്ക് അത്രയേ കഴിയുള്ളൂ. അദ്ദേഹത്തിന്റെ നിയോഗം നികത്താനാകാത്ത നഷ്ടമാണ്. ഇത് ക്ലീഷേയായി പറയുന്നതല്ല. സത്യമാണ്. അദ്ദേഹം വളരെ വലിയ നഷ്ടമാണ്. ഈ നഷ്ടം എളുപ്പം നികത്താന്‍ കഴിയില്ല', ടി പത്മനാഭന്‍ പ്രതികരിച്ചു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ (91) ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.

Content Highlights: T Padmanabhan in the Memory of M T Vadudevan Master

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us