ഇടുക്കി: കുറുവ സംഘത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി വിതച്ച് ഇറാനി ഗ്യാങ്. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങില്‍ പെട്ടവരാണ് ഇടുക്കി നെടുങ്കണ്ടത്ത് പിടിയിലായത്. തമിഴ്‌നാട് പേരയൂര്‍ സ്വദേശികളായ ഹൈദര്‍, മുബാറക് എന്നിവരാണ് പിടിയിലായത്. സ്വര്‍ണക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു സംഘത്തെ പൊലീസ് പിടികൂടിയത്.
നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പിടിയിലായിരിക്കുന്നെതെന്ന് പൊലീസ് അറിയിച്ചു. നെടുങ്കണ്ടത്ത് പടിഞ്ഞാറെ കവലയിലുള്ള സ്റ്റാര്‍ ജുവെല്‍സിലാണ് മോഷണശ്രമം നടന്നത്. ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് പ്രതികളെത്തിയത്. ആഭരണങ്ങള്‍ നോക്കുന്നതിനിടെ ഹൈദര്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കുകയായിരുന്നു. ഇത് കണ്ട ഉടമ കയ്യോടെ ഇയാളെ പിടികൂടി. ഇതിനിടെ കൂടെയുണ്ടായിരുന്ന മുബാറക് കടയില്‍ നിന്ന് ഇറങ്ങിയോടി.
തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മുബാറക് പൊലീസിന്റെ പിടിയിലായത്. ബസില്‍ സ്ഥലം വിടാന്‍ ശ്രമിച്ച ഇയാളെ ശാന്തന്‍പാറ പൊലീസിന്റെ സഹായത്തോടെ കുടുക്കുകയായിരുന്നു. കുറുവസംഘത്തിന് സമാനമായി രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറുസംഘങ്ങളായി തിരിഞ്ഞാണ് ഇറാനി ഗ്യാങ്ങും മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Content Highlights: Two Members Of Irani Gang Was Arrested From Idukki