തിരുവനന്തപുരം: ലഹരി ഉപയോഗം പൊലീസിനെ അറിയിച്ച ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം. മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വര്‍ക്കല പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. ലഹരി മാഫിയക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് ഊര്‍ജ്ജസ്വലത കാണിച്ചില്ലെന്നും പൊലീസ് ശക്തമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന ആക്ഷേപവും ബന്ധുക്കള്‍ ഉന്നയിച്ചു. ക്രിസ്മസ് രാത്രിയില്‍ വര്‍ക്കല താഴെവെട്ടൂരിലാണ് ഷാജഹാന്‍ (60) നെ മൂന്നംഗ സംഘം വെട്ടിയത്.
താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്തായിരുന്നു സംഭവം. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്ത് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ഷാജഹാന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഷാജഹാനെ കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights: Varkkala Death Relatives protest Infront of police Station