മലയാളി ഉള്ളിടത്തോളം കാലം മരണമില്ലാത്ത എഴുത്തിന്റെ മഹാമാന്ത്രികന്..; എംടിക്ക് ആദരമര്‍പ്പിച്ച് വിനയന്‍

'2007ല്‍ ഞാന്‍ മാക്ട സാംസ്‌കാരിക സംഘടനയുടെ ചെയര്‍മാനായിരുന്ന കാലത്ത് ഗുരുപൂജക്കെത്തിയ എം ടി സാറുമായി ഏറെ വര്‍ത്തമാനം പറയാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്.'

dot image

കോഴിക്കോട്: മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംവിധായകന്‍ വിനയന്‍. അദ്ദേഹത്തോടൊപ്പം സഹകരിക്കാന്‍ ഭാഗ്യമില്ലാതെ പോയ ഒരു സംവിധായകനാണ് താന്‍. ഉളളില്‍ ഉറച്ച നിലപാടുകളുടെ ഗര്‍ജ്ജനം ഒളിപ്പിച്ചു വെച്ച വ്യക്തിയാണ് എംടിയെന്നും വിനയന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

'എം ടി വാസുദേവന്‍ നായര്‍ എന്ന അനശ്വര പ്രതിഭ വിട പറഞ്ഞു. ആദരാഞ്ജലികള്‍.. മലയാള ഭാഷയുടെ പെരുന്തച്ചന്‍.. മലയാളി ഉള്ളിടത്തോളം കാലം മരണമില്ലാത്ത എഴുത്തിന്റെ മഹാമാന്ത്രികന് ബാഷ്പാഞ്ജലികള്‍..

അദ്ദേഹത്തോടൊപ്പം സഹകരിക്കാന്‍ ഭാഗ്യമില്ലാതെ പോയ ഒരു സംവിധായകനാണു ഞാന്‍.. പക്ഷേ സംസാരിച്ചിരുന്നിട്ടുണ്ട്. 2007ല്‍ ഞാന്‍ മാക്ട സാംസ്‌കാരിക സംഘടനയുടെ ചെയര്‍മാനായിരുന്ന കാലത്ത് ഗുരുപൂജക്കെത്തിയ എം ടി സാറുമായി ഏറെ വര്‍ത്തമാനം പറയാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്.

അദ്ദേഹത്തെ വളരെ സൈലന്റായി പലപ്പോഴും തോന്നുമെങ്കിലും ഉളളില്‍ ഉറച്ച നിലപാടുകളുടെ ഗര്‍ജ്ജനം ഒളിപ്പിച്ചു വെച്ച വ്യക്തി ആയി എനിക്കു തോന്നിയിട്ടുണ്ട്. ഈ തൊണ്ണൂറ്റി ഒന്നാം വയസ്സിലും കുറച്ചു നാളുകള്‍ക്ക് മുന്‍പ് അദ്ദേഹം നടത്തിയ ഒരു പ്രസംഗം കേരളത്തെ പിടിച്ചു കുലുക്കിയതും വലിയ ചര്‍ച്ച ആയതും ഒക്കെ അതിനുദാഹരണമാണ്.
ഒരു ജനതയുടെ സാസ്‌കാരിക പൈതൃകമായി മാറാന്‍ കഴിയുകയും തന്റേതായ ഒരു കാലം സൃഷ്ടിക്കുകയും ചെയ്ത മഹാ പ്രതിഭയ്ക് മുന്നില്‍ പ്രണാമം.

Content Highlight: Vinayan pays tribute to MT Vasudevan Nair

dot image
To advertise here,contact us
dot image