എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ വിനോദ് കോവൂർ. എം ടിയുടെ ഭാവനയിൽ രൂപം കൊണ്ട കഥാപാത്രങ്ങൾ ഈ ഭൂമിയുള്ള കാലം വരെ ഇവിടെ ഉണ്ടാകുമെന്നും എം ടി ജീവിച്ച കോഴിക്കോട് നഗരത്തിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ചത് സുകൃതമായി കരുതുന്നുവെന്നും വിനോദ് കോവൂർ പറയുന്നു. എം ടിയുടെ ഓർമ്മകൾ അടങ്ങിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് വിനോദ് കോവൂരിന്റെ പ്രതികരണം.
'മലയാളത്തിൻ്റെ സുകൃതം ഓർമയായി, കോഴിക്കോട്ടുകാരനായത് കൊണ്ട് തന്നെ ഒത്തിരി തവണ എം ടിയെ കാണാനും കൊട്ടാരം റോഡിലെ വീട്ടിൽ സന്ദർശിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. കൊട്ടാരം റോഡിൽ തന്നെയായിരുന്നു ഇന്ത്യൻ യൂത്ത് അസോസിയേഷൻ്റെ ഓഫീസ്. ജ്ഞാനപീഠ പുരസ്കാരം നേടിയ സമയത്ത് ഞങ്ങൾ ഐ വൈ എ അംഗങ്ങൾ വീട്ടിൽ ചെന്ന് എം ടിസാറിനെ അഭിനന്ദിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് തോപ്പിൽ ഭാസി സാർ പറഞ്ഞപ്രകാരം ഞാനും എൻ്റെ അച്ഛനും കൂടി എം ടി സാറിനെ കാണാൻ ചെന്നിരുന്നു. ശേഷം എം ടിയുടെ ഒരു തിരക്കഥ സിനിമയാക്കുന്ന സന്ദർഭത്തിൽ എന്നെ ഒരു വേഷത്തിന് വേണ്ടി എം ടി സാർ ഇൻ്റർവ്യൂ ചെയ്തിരുന്നു.
എന്തോ ആ സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല.
പ്രിഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് എംടിയുടെ കാലവും നാലുകെട്ടും ഒക്കെ വായിച്ച് എംടിയോട് ആരാധന തോന്നി തുടങ്ങിയത്. പിന്നീട് എം ടി തിരക്കഥ ഒരുക്കിയ ചിത്രങ്ങൾ ഓരോന്ന് കാണുമ്പോൾ എം ടിയുടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള മോഹം കൂടി വന്നു. അങ്ങനെ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞപ്പോൾ ഒരു വേഷം ചെയ്യാൻ ഭാഗ്യം വന്നു. എം ടി സാർ തിരക്കഥ രചിച്ച പഴയ ഓളവും തീരവും എന്ന സിനിമ സംവിധായകൻ പ്രിയദർശൻ സാർ റീമേക്ക് ചെയ്തപ്പോൾ അതിൽ ചെറുതാണെങ്കിലും ഒരു വേഷം ചെയ്യാനായി.
എന്തായാലും എം ടി സാർ എഴുതി വെച്ച കഥാപാത്രമാണല്ലോ, പ്രിയൻസാറിൻ്റെ നിർദ്ദേശപ്രകാരം ആ കഥാപാത്രം ചെയ്തു. പ്രിയൻ സാർ ചേർത്ത് പിടിച്ച് അഭിനന്ദിച്ചു. മനോരഥങ്ങളുടെ ലോഞ്ചിംഗ് ചടങ്ങിൽ വെച്ച് എം ടി യുടെ ചിത്രം കൊത്തിവെച്ച ഒരു ശില്പം ഉപഹാരമായി ലഭിച്ചു. മനസിൽ ഒരുപാട് സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു അത്. എനിക്ക് ലഭിച്ച പുരസ്കാരങ്ങളുടെ നടുവിൽ ഏറ്റവും വിലപിടിപ്പുള്ള ഒരു ഉപഹാരമായി അത് സ്ഥാനം പിടിച്ചിരിക്കുന്നു. എന്നും വിലയേറിയ ഒരു ഓർമ്മയായിരിക്കും അത്.
എം ടി സാർ മാത്രമേ പോയിട്ടുള്ളൂ. അദ്ദേഹത്തിൻ്റെ ഭാവനയിൽ രൂപം കൊണ്ട കഥാപാത്രങ്ങൾ ഈ ഭൂമിയുള്ള കാലം വരെ ഇവിടെ ഉണ്ടാകും.
എം ടി യെ പോലെ ഇത്രയും ബഹുമാനപ്പെട്ട ഒരു സാഹിത്യകാരൻ ജീവിച്ച കോഴിക്കോട് തന്നെ എന്നെ പോലെ ഒരു കൊച്ചു കലാകാരനും ജീവിക്കാൻ ഭാഗ്യം ലഭിച്ചു എന്നത് സുകൃതം. അവസാനമായി ഒരു നോക്ക് കാണാൻ കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിലാണ്. കോഴിക്കോടിൻ്റെ അഭിമാനമായ എം ടി വാസുദേവൻ നായരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു,' വിനോദ് കോവൂർ കുറിച്ചത് ഇങ്ങനെ.
Content Highlights: vinod kovoor condoled the demise of mt vasudevan nair