തിരുവനന്തപുരം: എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ സംസ്ഥാനത്തിന്റെ ദുഃഖാചരണത്തെ കണക്കിലെടുക്കാതെ പരിപാടി സംഘടിപ്പിച്ച് മൃഗസംരക്ഷണ വകുപ്പ്. നൂറോളം പേരെ പങ്കെടുപ്പിച്ച് വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡയറക്ടറുടെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. പരിപാടി മാറ്റിവെക്കണമെന്ന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ നിര്‍ദേശം ലംഘിച്ചാണ് നടപടി.
രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് എം ടിയുടെ വിയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം
പേരൂര്‍ക്കട ലൈവ് സ്റ്റോക്ക് ട്രേഡിംഗ് സെന്ററില്‍ ഫാമുകളിലെ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്ന പരിപാടി നേരത്തെ തീരുമാനിച്ചിരുന്നു. ആ പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ജെ ചിഞ്ചുറാണിയായിരുന്നു. ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മന്ത്രി അറിയിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിയെ പങ്കെടുപ്പിക്കാതെ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.
നില വിളക്ക് ഉള്‍പ്പെടെ വെച്ചായിരുന്നു പരിപാടി. എന്നാല്‍ വിളക്ക് ഹാരമിട്ട് വെച്ചെങ്കിലും കൊളുത്തിയില്ലെന്നും എം ടിക്ക് ആദരസൂചകമായി എഴുന്നേറ്റ് നിന്നുവെന്നുമാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം. മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന മൻമോഹൻ സിംഗിൻറെ വിയോഗത്തില്‍ അനുശോചിച്ച് രാജ്യത്തും സംസ്ഥാനത്തും ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Animal Welfare Department Conduct program