തിരുവനന്തപുരം: വിജിലൻസ് സി ഐ ക്രൂരമായി മർദ്ദിച്ചെന്ന് യുവാവിൻറെ പരാതി. തിരുവനന്തപുരം കഴക്കൂട്ടം കരിയിൽ സ്വദേശി വിനോദ് കുമാറിനാണ് മർദ്ദനമേറ്റത്. വിജിലൻസ് സി ഐ അനൂപ് ചന്ദ്രനെതിരെയാണ് കഴക്കൂട്ടം പൊലീസിൽ വിനോദ് പരാതി നൽകിയിരിക്കുന്നത്.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സിറ്റി ഗ്യാസ് ലൈനിന്റെ നിർമ്മാണത്തിനായി റോഡ് ബ്ലോക്ക് ചെയ്തതാണ് മർദ്ദിച്ചതെന്ന് പരാതിയില്‍ ആരോപിക്കുന്നു. വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പൈപ്പ് ലൈനിന്റെ നിർമ്മാണം. അദിതി സോളാർ ഗ്യാസ് ഏജൻസിയുടെ പിആർഒ ആണ് ഇദ്ദേഹം. സി ഐ അനൂപ് ചന്ദ്രൻ മദ്യ ലഹരിയിലായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു. അതേസമയം വിനോദ് തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് സിഐയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഗ്യാസ് ലൈനിന്റെ പണി തുടങ്ങി കഴിഞ്ഞാണ് സി ഐ കാറുമായി വന്നത്. ഗ്യാസ് ലൈനിന്റെ നിർമ്മാണം നടക്കുന്നതിനാൽ റോഡ് ബ്ലോക്കാണെന്ന് പറഞ്ഞു. ഉടൻ തന്നെ ക്ഷുഭിതനായി സംസാരിക്കുകയായിരുന്നുവെന്നും താനൊരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഡോർ തുറന്ന് തന്നെ ആക്രമിക്കുകായിരുന്നുവെന്നും പരിക്കേറ്റ വിനോദ് റിപ്പോർട്ടറിനോട് പറഞ്ഞു. മതിലിനോട് ചേർത്തു നിർത്തി മർദ്ദിച്ചെന്നും വിനോദ് ആരോപിച്ചു. ബോധം നഷ്ടപ്പെടുന്നത് വരെ മർദ്ദിച്ചു. താൻ ആദ്യമായാണ് സി ഐയെ കാണുന്നത്. അയാളുടെ ജാതി ഏതാണെന്ന് തനിക്കറിയില്ല. ജാതി വിളിച്ച് ആക്ഷേപിച്ചട്ടില്ലെന്നും വിനോദ് പറഞ്ഞു.
ആക്രമണം നടന്ന ദിവസം തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. പക്ഷേ മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് വിനോദ് ആരോപിച്ചു. പരാതിയിൽ രണ്ട് പേരുടെയും പരാതി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
Content Highlights: CI brutal beating of a youth at Thiruvananthapuram, Kerala