പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കൊപ്പം വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്

കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബാബുരാജാണ് കേസിലെ പ്രതികൾക്കൊപ്പം വേദി പങ്കിട്ടത്

dot image

പെരിയ: അഞ്ചുവര്‍ഷത്തിലേറെ നീണ്ട നിയമ യുദ്ധങ്ങള്‍ക്കൊടുവില്‍ പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചി സിബിഐ കോടതി നാളെ വിധി പറയാനിരിക്കെ കേസിലെ പ്രതികള്‍ക്കൊപ്പം വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്.

കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബാബുരാജാണ് കേസിലെ പതിനാലാം പ്രതി കെ മണികണ്ഠന്‍, ഇരുപതാം പ്രതി കെ വി കുഞ്ഞിരാമന്‍ എന്നിവർക്കൊപ്പം വേദി പങ്കിട്ടത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച എം ടി അനുസ്മരണ പരിപാടിയിലാണ് സംഭവം. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് അനുമതി വാങ്ങിയെന്ന് അഡ്വ. ബാബുരാജ് വിശദീകരിച്ചു.

അതേസമയം, പെരിയ കേസിൽ നാളെ വിധി വരുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. കല്ല്യോട്ട് പ്രദേശം ഉള്‍ക്കൊളളുന്ന പെരിയ വില്ലേജില്‍ പ്രകടനങ്ങള്‍ക്ക് നാളെ വിലക്കുണ്ട്.
ഇന്നലെ കളക്ടറുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം നടന്നിരുന്നു. യോഗത്തില്‍ പെരിയയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ നാളെ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും.

2019 ഫെബ്രുവരി 17നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കല്യോട്ട് വച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍, സുഹൃത്തും സഹായിയുമായ സി ജെ സജി എന്നിവര്‍ അറസ്റ്റിലായി. ഇതിന് പിന്നാലെ പീതാംബരനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് വിട്ടു. എസ്പി വി എം മുഹമ്മദ് റഫീഖിന് അന്വേഷണ ചുമതല നല്‍കി. എന്നാല്‍ മാര്‍ച്ച് 2ന് എസ്പി മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചു. പിന്നാലെ സംഘത്തിലെ ഡിവൈഎസ്പിക്കും സിഐ മാര്‍ക്കും മാറ്റം. പ്രതികള്‍ എന്ന് കണ്ടെത്തിയവര്‍ക്ക് പുറമേ മറ്റു പലരിലേക്കും അന്വേഷണം നീളുന്നു എന്ന സൂചനകള്‍ക്കിടെയായിരുന്നു അഴിച്ചുപണി. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അതേവർഷം മെയ് 14ന് സിപിഐഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മെയ് 20ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.

സെപ്റ്റംബര്‍ 30ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. നവംബര്‍ 19ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയെങ്കിലും ഡിസംബര്‍ ഒന്നിന് അവിടെയും അപ്പീല്‍ തള്ളി. തുടര്‍ന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. 2021 ഡിസംബര്‍ 3 ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മൊത്തം 24 പേര്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. സിപിഐഎം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 10 പേരെ സിബിഐയുമാണ് അറസ്റ്റ് ചെയ്തത്. 2023 ഫെബ്രുവരി 2 ന് കൊച്ചി സിബിഐ കോടതിയില്‍ കേസില്‍ തുടങ്ങിയ വിചാരണ 2024 ഡിസംബര്‍ 23-നാണ് പൂര്‍ത്തിയായത്.

Content Highlight: Congress leader shared the stage with the accused in the Periya murder case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us