കോഴിക്കോട്: നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബെംഗളൂരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും. പതിനൊന്ന് സീറ്റുകളാണ് അധികമായി ഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുൻഭാഗത്ത് മാത്രമാകും ഡോർ ഉണ്ടാവുക. ശൗചാലയം ബസിൽ നിലനിർത്തിയിട്ടുണ്ട്. നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്. ഇന്നലെ ബെംഗളൂരു-കോഴിക്കോട് യാത്രയിൽ 930 രൂപയാണ് ഈടാക്കിയത്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ വേണ്ടി 1.6 കോടി രൂപയ്ക്കാണ് ഭാരത് ബെൻസിൻറെ ആഡംബര ബസ് വാങ്ങിയത്. മുൻ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകിൽ ഓട്ടോമാറ്റിക് വാതിലും ബാത്ത്‌റൂം സൗകര്യങ്ങളുമുള്ള ബസാണിത്. കേരള രാഷ്ട്രീയത്തിൽ നവകേരള ബസ് ഒട്ടേറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവൻ, കിടപ്പുമുറി, മീറ്റിങ് മുറി എന്നിവയൊക്കെ ഉണ്ടെന്നായിരുന്നു പ്രചാരണം.
Content Highlights: Navakerala Bus is back in service. Kozhikode - Bengaluru route service will resume