കേക്ക് വാങ്ങിയതിൽ രാഷ്ട്രീയമില്ല, അനുവാദം ചോദിച്ചിട്ടല്ല സുരേന്ദ്രൻ വീട്ടിലെത്തിയത്; എം കെ വര്‍ഗീസ്

'സുരേന്ദ്രനെ സ്വീകരിച്ചത് സാമാന്യമര്യാദയുടെ ഭാഗമായാണ്'

dot image

തിരുവനന്തപുരം: കേക്ക് വിവാ​ദത്തിൽ മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറിന് മറുപടിയുമായി തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്. കേക്ക് വാങ്ങിയതിൽ രാഷ്ട്രീയമില്ലെന്ന് എം കെ വര്‍ഗീസ് പറഞ്ഞു. കേക്ക് വാങ്ങിയത് തെറ്റായി തോന്നിയിട്ടില്ല. കേക്ക് ആര് കൊണ്ടുവന്നാലും വാങ്ങും. കേക്കുമായി വീട്ടിൽ എത്തിയാൽ കയറരുത് എന്ന് പറയാനാകില്ല. ആരോപണം പുതിയതല്ലെന്നും എം കെ വർഗീസ് കൂട്ടിച്ചേർത്തു.

അനുവാദം ചോദിച്ചിട്ടല്ല സുരേന്ദ്രൻ വീട്ടിലെത്തിയത്. സുരേന്ദ്രനെ സ്വീകരിച്ചത് സാമാന്യമര്യാദയുടെ ഭാഗമായാണ്. സുനിൽകുമാറിന് ഇത്ര 'സ്നേഹം' എന്തെന്നറിയില്ല. ആരോപണങ്ങൾ വെറുതെ പറഞ്ഞിട്ട് കാര്യമില്ലല്ലോ സുനിൽകുമാർ അത് തെളിയിക്കണം. താൻ ഇടതുപക്ഷത്തിനൊപ്പം നടക്കുന്ന വ്യക്തിയാണ്. ഇടതുപക്ഷത്തിരിക്കുന്ന ഒരാൾ ഇങ്ങനെ പറയാൻ പാടില്ല. ക്രിസ്മസിന് കേക്കുമായി വീട്ടിൽ വന്നവരെ പുറത്താക്കാൻ പറ്റുമോയെന്നും മേയര്‍ ചോദിച്ചു.

ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഇതിന് വിമർശനവുമായി വി എസ് സുനില്‍ കുമാർ രം​ഗത്തെത്തിയിരുന്നു. മേയര്‍ക്ക് ചോറ് ഇവിടെയും കൂര്‍ അവിടെയുമാണ്. വഴി തെറ്റി വന്നല്ല മേയര്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേക്ക് നല്‍കിയതെന്നായിരുന്നു സുനില്‍ കുമാറിന്റെ വിമർശനം.

'തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറോടുള്ള സിപിഐ പ്രതിഷേധം നേരത്തെ വ്യക്തമാക്കിയതാണ്. ആ നിലപാടില്‍ മാറ്റമില്ല. എല്‍ഡിഎഫിന്റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല. എല്‍ഡിഎഫിന്റെ മേയറായി നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്നും കേക്ക് വാങ്ങിയതിനെ അത്ര നിഷ്‌ക്കളങ്കമായി കാണാന്‍ സാധിക്കില്ല. മേയറായി തുടരുന്നതില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ല', സുനില്‍ കുമാര്‍ പറഞ്ഞു.

ബിജെപിക്ക് വേണ്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചയാളാണ് എം കെ വര്‍ഗീസ് എന്നും സുനില്‍ കുമാര്‍ പ്രതികരിച്ചു. അതേസമയം എം കെ വര്‍ഗീസുമായുള്ള കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയമില്ലെന്നും സ്‌നേഹത്തിന്റെ സന്ദര്‍ശനം മാത്രമാണെന്നുമാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ക്രിസ്മസ് ദിനം തന്റെ വസതിയില്‍ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്‌നേഹത്തിന്റെ ദിവസമാണെന്നു എം കെ വര്‍ഗീസും പ്രതികരിച്ചു.

Content Highlights: Thrissur Corporation Mayor MK Varghese responds to VS Sunil Kumar on cake controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us