റാന്നി: സിപിഐഎം ജില്ലാ സമ്മേളനത്തിൻ്റെ പോസ്റ്റർ ഷെയർ ചെയ്ത് ബിജെപി ജില്ലാ ട്രഷറർ. പത്തനംതിട്ട ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്തയാണ് പോസ്റ്റർ ഷെയർ ചെയ്തത്. ഗോപാലകൃഷ്ണൻ ഓലിക്കൽ എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി ആർ പ്രസാദിൻ്റെ പോസ്റ്റാണ് ബിജെപി ട്രഷറർ ഷെയർ ചെയ്തിരിക്കുന്നത്.
ഇന്നാണ് പത്തനംതിട്ട സിപിഐഎം ജില്ലാ സമ്മേളനം ആരംഭിക്കുന്നത്. അതേസമയം ജില്ലയിൽ പാർട്ടിയിൽ ചേർന്നവരിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വെട്ടൂർ റേഡിയോ ജംഗ്ഷൻ സ്വദേശി സിദ്ദീഖ് മലയാലപ്പുഴയാണ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട ആൾ. പൊലീസുകാരനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതടക്കം നാല് കേസുകളിലെ പ്രതിയാണ് സിദ്ദീഖ്. സിദ്ദീഖിനെ കൂടാതെ വിവിധ കേസുകളിൽ പ്രതികളായ പ്രമാടം സ്വദേശികളായ മാജിക് കണ്ണൻ, അരുൺ എന്നിവരും സിപിഐഎമ്മിൽ ചേർന്നിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് വധശ്രമ കേസിൽ അരുണിന് ജാമ്യം കിട്ടിയത്. സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മുന്നോടിയായി 50ഓളം പേരായിരുന്നു കഴിഞ്ഞ ദിവസം പാർട്ടിയിൽ ചേർന്നത്.
അതേസമയം ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു എന്നത് മാധ്യമ സൃഷ്ടിയാണെന്നാണ് ജില്ലാ സെക്രട്ടറി കെ പി ഉദയബാനുവിന്റെ പ്രതികരണം. ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനത്തിൽ പാർട്ടിയുടെ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ എന്തൊക്കെ ചർച്ചയാകും എന്ന് പറയാനാകില്ല, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും നഷ്ടപ്പെട്ട പഞ്ചായത്തുകൾ ഇടത് പക്ഷം പിടിച്ചെടുക്കുമെന്നും കെ പി ഉദയഭാനു വ്യക്തമാക്കി.