തൃശൂര്‍: കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിനെതിരായ മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറിന്റെ വിമര്‍ശനത്തെ തള്ളി സിപിഐ ജില്ലാ നേതൃത്വം. ക്രിസ്മസിന് കേക്ക് നല്‍കിയതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പ്രതികരിച്ചു. എല്‍ഡിഎഫ് മേയറായി എം കെ വര്‍ഗീസ് തുടരട്ടെ. മേയറെ അവിശ്വസിക്കേണ്ടതില്ല. വി എസ് സുനില്‍കുമാര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും വത്സരാജ് പറഞ്ഞു.
മേയറെ പിന്തുടര്‍ന്ന് വിമര്‍ശിക്കുന്നത് ശരിയല്ല. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് മേയറെടുത്ത നിലപാടില്‍ സിപിഐയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. എല്‍ഡിഎഫ് നയങ്ങളുമായി ഒത്തുപോകുമെന്ന് മേയര്‍ പറഞ്ഞതാണ്. അത് മേയര്‍ ഇപ്പോള്‍ തെറ്റിച്ചിട്ടില്ല. മേയര്‍ക്കെതിരായി സിപിഐയ്ക്ക് ഇപ്പോള്‍ നിലപാടില്ല. പാര്‍ട്ടി നിലപാട് സുനില്‍കുമാര്‍ മനസിലാക്കും. വിശദീകരണം ചോദിക്കേണ്ടതില്ല. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം വീടുകളില്‍ പോകുന്നതില്‍ തെറ്റില്ല എന്നാണ് വത്സരാജിന്റെ പ്രതികരണം.
മേയറുമായുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും പിന്മാറുന്ന നിലപാടാണ് വി എസ് സുനില്‍ കുമാറും സ്വീകരിച്ചത്.
എല്‍ഡിഎഫ് തീരുമാനപ്രകാരമാണ് മേയര്‍ തുടരുന്നത്. അത് തുടരട്ടെ. ഭവന സന്ദര്‍ശന വിവാദം മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ല
കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സുനില്‍കുമാര്‍ പ്രതികരിച്ചു.
ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഇതിനെ വിമര്‍ശിച്ച് വി എസ് സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തി. മേയര്‍ക്ക് ചോറ് ഇവിടെയും കൂര്‍ അവിടെയുമാണ്. വഴി തെറ്റി വന്നല്ല മേയര്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേക്ക് നല്‍കിയതെന്നായിരുന്നു സുനില്‍ കുമാറിന്റെ വിമര്‍ശനം.
Content Highlights: CPI thrissur leadership Support Mayor M K Varghese