എൻ എം വിജയനും മകനും ജീവനൊടുക്കിയ സംഭവം; എംഎൽഎ ഓഫീസിലേക്ക് സിപിഐഎം മാർച്ച്‌ നടത്തും

ചൊവ്വാഴ്ചയാണ് എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്

dot image

കൽപറ്റ: വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധത്തിലേക്ക്‌ കടക്കാൻ സിപിഐഎം. ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസിലേക്ക് തിങ്കളാഴ്ച മാർച്ച്‌ നടത്തും. അർബൻ ബാങ്ക്‌ നിയമന പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് ആവശ്യം. ദുരൂഹത പുറത്തുകൊണ്ടുവരാനും എംഎൽഎയുടെ പങ്ക്‌ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ സമരം.

ചൊവ്വാഴ്ചയാണ് എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് വിജയനും മകൻ ജിജേഷും മരണത്തിന് കീഴടങ്ങിയത്. വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്നു എൻ എം വിജയൻ. നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.

എന്നാൽ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്‍റെയും മകന്‍റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ രംഗത്തെത്തി. പുറത്ത് വന്നത് വ്യാജരേഖയാണെന്നും നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് ഏതെങ്കിലും ഉദ്യോഗാർത്ഥികൾ ആരെയെങ്കിലും സമീപിച്ചിട്ടുണ്ടോ? ഇത്തരം വാർത്തകൾക്ക് പിന്നിൽ ചില ഉപജാപക സംഘമാണ്. അതുകൊണ്ടുതന്നെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച എസ്പിക്ക് പരാതി നൽകുമെന്നും ഐസി ബാലകൃഷ്ണൻ എംഎൽഎ വ്യക്തമാക്കി.

നീതിപൂർവ്വമല്ലാതെ അഴിമതിക്കോ കൊള്ളയടിക്കോ കൂട്ടുനിൽക്കാത്ത വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. 2016-ലാണ് കെപിസിസി തന്നെ വയനാട് ജില്ലയുടെ നേതൃ സ്ഥാനത്ത് പ്രസിഡന്റായി നിയോഗിച്ചത്. പിന്നീടുള്ള 5 വർഷക്കാലവും താൻ നീതിപൂർവ്വമായാണ് പാർട്ടിയെ പിന്തുണച്ചിട്ടുള്ളത്. അർബൻ ബാങ്കുമായി ബന്ധപ്പെട്ട കൊള്ളകൾ അവസാനിപ്പിക്കണമെന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണ് താൻ അതുകൊണ്ടുതന്നെ നിരവധി ശത്രുക്കളും തനിക്കുണ്ട്. 2019-ൽ തന്നെ ഇത് സംബന്ധിച്ച ആക്ഷേപങ്ങൾ കെപിസിസി പരിശോധിച്ച് വ്യാജ രേഖകൾ ഉണ്ടാക്കിയവർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ചില യോജിക്കാൻ കഴിയാത്ത കാര്യങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോൾ തന്നെ കുറ്റക്കാരനാക്കി ചിത്രീകരിക്കുന്ന സമീപനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും ഐസി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളിൽ ജോലി വാഗ്ദാനം ചെയ്ത് ഐസി ബാലകൃഷ്ണന്റെ നിർദേശാനുസരണം പലരും വിജയന് പണം നൽകിയെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന്റെ ഉടമ്പടി രേഖ റിപ്പോർട്ടറിന് ലഭിച്ചു. നിയമനം ലഭിക്കാതായതോടെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻ എം വിജയൻ കെപിസിസി അധ്യക്ഷന് കത്തയച്ചിരുന്നു. വയനാട്ടിലെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എൻ എം വിജയന്റെ കുടുംബം.

Content Highlights: CPIM march to MLA office wayanad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us