ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പോ?; എന്‍ എം വിജയന്റെ മരണത്തില്‍ ഐ സി ബാലകൃഷ്ണന് കുരുക്ക് മുറുകുന്നു?

നിയമനം ലഭിക്കാതായതോടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എം വിജയന്‍ കെപിസിസി അധ്യക്ഷന് കത്തയച്ചിരുന്നു

dot image

വയനാട്: വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡന്റുമായ ഐ സി ബാലകൃഷ്ണന് കുരുക്ക് മുറുകുന്നു. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐസി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ഇതിന്റെ ഉടമ്പടി രേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു. നിയമനം ലഭിക്കാതായതോടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എം വിജയന്‍ കെപിസിസി അധ്യക്ഷന് കത്തയച്ചിരുന്നു. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എന്‍ എം വിജയന്റെ കുടുംബം.

എന്‍ എം വിജയനും വയനാട് സ്വദേശിയായ അധ്യാപകനും തമ്മിലുള്ള ഉടമ്പടി രേഖയാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലോ, പൂതാടി, മടക്കിമല എന്നിവിടങ്ങളിലെ സര്‍വീസ് ബാങ്കിലോ ആദ്യം വരുന്ന ഒഴിവില്‍ ഒന്നാം കക്ഷിയുടെ മകനെയോ മറ്റ് കുടുംബാംഗങ്ങളെയോ നിയമിക്കാം എന്നാണ് ഉടമ്പടിയില്‍ പറയുന്നത്. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം 30 ലക്ഷം രൂപ ഒന്നാം കക്ഷിയില്‍ നിന്ന് എന്‍ എം വിജയന്‍ കൈപ്പറ്റിയതായാണ് ഉടമ്പടിയില്‍ പറയുന്നത്. ഏതെങ്കിലും കാരണവശാല്‍ നിയമനം ലഭിക്കുന്നില്ലെങ്കില്‍ രണ്ടാംകക്ഷിയായ എന്‍ എം വിജയന്‍ വഴി ഐസി ബാലകൃഷ്ണന്‍ ഒന്നാം കക്ഷിക്ക് പണം മടക്കി നല്‍കണം. ഇതിന് ഏഴ് ശതമാനം പലിശ ഈടാക്കണമെന്നും ഉടമ്പടിയില്‍ വ്യക്തമാക്കിയിരുന്നു. ഇടപാട് എംഎല്‍എയ്ക്ക് വേണ്ടി നടക്കുന്നതിനാല്‍ സാക്ഷിവേണ്ടെന്നും ഉടമ്പടിയില്‍ സൂചിപ്പിച്ചിരുന്നു.

2019 ഒക്ടോബര്‍ ഒന്‍പതാം തീയതിയാണ് ഈ ഉടമ്പടി ഉണ്ടാക്കിയത്. ഇതിന് ശേഷം ഒന്നാം കക്ഷിയും രണ്ടാംകക്ഷിയായ എന്‍ എം വിജയനും കരാറില്‍ ഒപ്പുവെയ്ക്കുകയായിരുന്നു. മുപ്പത് ലക്ഷം രൂപ നല്‍കിയിട്ടും ഒന്നാം കക്ഷിയുടെ മകന് മൂന്ന് ബാങ്കുകളിലും ജോലി ലഭിച്ചിരുന്നില്ല. ഇതിന് പുറമേ ജോലി വാഗ്ദാനം ചെയ്ത് വാങ്ങിയ 30 ലക്ഷം രൂപയും ഐസി ബാലകൃഷ്ണന്‍ തിരിച്ചു നല്‍കിയില്ല. കരാറിന്റെ യഥാര്‍ത്ഥ കോപ്പി ഒന്നാം സാക്ഷി മാത്രം കൈവശംവെച്ചാല്‍ മതിയെന്ന് കരാറില്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ഉടമ്പടിയുടെ യഥാര്‍ത്ഥ കോപ്പി ഒന്നാം കക്ഷിയായ അധ്യാപകന്റെ കൈയിലാണുള്ളത്.

അതിനിടെ എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനങ്ങളുടെ പേരില്‍ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. കോടികള്‍ തട്ടിയെടുത്തവര്‍ എന്‍ എം വിജയനെ ബലിയാടാക്കിയതാണെന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍ രഹസ്യമായി പറയുന്നുണ്ട്. എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പ് ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെ വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ മാറ്റിയതായും സംശയമുണ്ട്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐഎം ബത്തേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

ചൊവ്വാഴ്ചയാണ് എന്‍ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് വിജയനും മകന്‍ ജിജേഷും മരണത്തിന് കീഴടങ്ങിയത്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു എന്‍ എം വിജയന്‍. നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.

Content Highlights- Family of n m vijayan against i c balakrishnan mla on his and son death

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us