
തിരുവനന്തപുരം: മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറിന് മറുപടിയുമായി തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്. കെ സുരേന്ദ്രൻ വളരെ ആത്മാർത്ഥയോടെയാണ് ക്രിസ്മസ് സന്ദേശവുമായി എത്തിയതെന്ന് തനിക്ക് ബോധ്യപെട്ടുവെന്നും എന്നാൽ സുനിൽ കുമാർ എന്തിനാണ് സുരേന്ദ്രൻ്റെ വീട്ടിൽ പോയതെന്ന് വ്യക്തമാക്കണമെന്നും എം കെ വർഗീസ് പറഞ്ഞു. രണ്ട് കാലിലും മന്തുള്ള ആളാണ് ഒരു കാലിൽ മന്തുള്ളയാളെ കളിയാക്കുന്നത്. ഉള്ള്യേരിയിലുള്ള സുരേന്ദ്രൻ്റെ വീട്ടിൽ സുനിൽകുമാർ പോയി. തിരികെ സുനിൽ കുമാറിൻ്റെ അന്തികാടുള്ള വീട്ടിൽ സുരേന്ദ്രനും പോയി. എന്നാൽ ഇത് എന്തിന് എന്ന് തനിക്ക് അറിയില്ല. സുനിൽ കുമാറിന് എല്ലാ തിരെഞ്ഞെടുപ്പിലും ജയിക്കുന്ന തന്നോട് കണ്ണുകടിയാണെന്നും എം കെ വർഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്നെ ബിജെപിയിൽ എത്തിക്കണമെന്നാണ് സുനിൽ കുമാറിൻ്റെ ആഗ്രഹമെന്ന് തോന്നുന്നുവെന്നും പക്ഷെ താൻ സിപിഐഎമ്മില്‍ തന്നെ ഉറച്ച് നിൽക്കുമെന്നും എം കെ വർഗീസ് പ്രതികരിച്ചു. സുനിൽ കുമാറിൻ്റെ തൃശൂരിലെ തോൽവി അദ്ദേഹത്തിന് ആരുടെയെങ്കിലും തലയിൽ വെച്ച് കെട്ടണം എന്നുള്ളത് കൊണ്ടാവാം തനിക്ക് എതിരെ ഇത്തരത്തിൽ ആരോപണങ്ങൾ ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഇതിനെ വിമർശിച്ച് വി എസ് സുനില്‍ കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തി. മേയര്‍ക്ക് ചോറ് ഇവിടെയും കൂര്‍ അവിടെയുമാണ്. വഴി തെറ്റി വന്നല്ല മേയര്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേക്ക് നല്‍കിയതെന്നായിരുന്നു സുനില്‍ കുമാറിന്റെ വിമർശനം.
'തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറോടുള്ള സിപിഐ പ്രതിഷേധം നേരത്തെ വ്യക്തമാക്കിയതാണ്. ആ നിലപാടില്‍ മാറ്റമില്ല. എല്‍ഡിഎഫിന്റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല. എല്‍ഡിഎഫിന്റെ മേയറായി നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്നും കേക്ക് വാങ്ങിയതിനെ അത്ര നിഷ്‌ക്കളങ്കമായി കാണാന്‍ സാധിക്കില്ല. മേയറായി തുടരുന്നതില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ല', എന്നായിരുന്നു സുനില്‍ കുമാറിന്‍റെ പ്രതികരണം.
content highlights- 'It should be clarified why Sunil Kumar went to Surendran's residence' MK Varghese