
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ സിബിഐ കോടതി വിധിയില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെ കുടുംബം. നീതി കിട്ടിയെന്നും ഈ ദിവസത്തിന് വേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നതെന്നും കൃപേഷിന്റെ അമ്മ പ്രതികരിച്ചു. എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന് ശരത് ലാലിന്റെ അമ്മയും പ്രതികരിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇരുവരുടേയും അമ്മമാർ പ്രതികരിച്ചത്.
'നീതി കിട്ടി. ഒന്നും പറയാനാകുന്നില്ല. ഈ ദിവസത്തിന് വേണ്ടിയാണ് ഇത്രയും ദിവസം കാത്തിരുന്നത്. ആഗ്രഹിച്ച വിധിയാണ്. കേസ് അട്ടിമറിക്കാന്‍ പല സമയത്തും ശ്രമിച്ചു', കൃപേഷിന്റെ അമ്മ പ്രതികരിച്ചു.
'എല്ലാ പ്രതികള്‍ക്കും കടുത്തശിക്ഷ കിട്ടണം. അതിന് വേണ്ടി പ്രാര്‍ത്ഥിക്കും. എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണം. കോടതിയില്‍ വിശ്വസിക്കുന്നു', ശരത് ലാലിന്റെ അമ്മ പ്രതികരിച്ചു.
ഉന്നതതല ഗൂഢാലോചന ഉണ്ടെന്നും സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും സിപിഐഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും രണ്ട് കുടുംബവും പറഞ്ഞിരുന്നു. അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും കുടുംബം പ്രതികരിച്ചു
. ചില പ്രതികളെ വെറുതെ വിട്ടു. കുറച്ചുപേർ രക്ഷപ്പെടുന്നതില്‍ നിരാശയുണ്ട്. പ്രോസിക്യൂട്ടറുമായി ആലോചിച്ച് നിയമപരമായി മുന്നോട്ട് പോകുമെന്നും ശരതിന്‍റെ പിതാവ് സത്യനാരായണന്‍ പ്രതികരിച്ചു.
വിധിക്ക് ശേഷം ഇരുവരുടേയും കുടുംബവും കോണ്‍ഗ്രസ് നേതാക്കളും സ്മൃതി മണ്ഡപത്തിലെത്തി പുഷ്പം അർപ്പിച്ചു. അതിവെെകാരികമായ രംഗമാണ് സ്മൃതിമണ്ഡലപത്തില്‍ നടന്നത്.
Content Highlights: Periya Case verdict parents response