കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ പൊലീസ് പ്രതിപട്ടികയിൽ ഉൾപ്പെടാതെ സിബിഐ പ്രതിചേർത്തവരില്‍ നാല് പേർ കുറ്റക്കാരെന്ന് വിധി. ഹൈക്കോടതി വിധി പ്രകാരം കേസ് സിബിഐ ഏറ്റെടുത്തിന് പിന്നാലെ പ്രതിചേർത്ത പത്തിൽ നാല് പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവർ പൊലീസ് സമർപ്പിച്ച പ്രതിപട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല.
15 ആം പ്രതി എ സുരേന്ദ്രന്‍ (വിഷ്ണു സുര), 20 ആം പ്രതി കെ വി കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), 21ആം പ്രതി രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), 22ആം പ്രതി കെവി ഭാസ്കരൻ എന്നിവരാണ് സിബിഐ കൂട്ടിച്ചേർത്തവരിൽ പ്രതികളായവർ. കെ മണികണ്ഠൻ, കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.വി ഭാസ്കരൻ എന്നിവർക്ക് ശിക്ഷ വിധിക്കുന്നത് വരെ ജാമ്യത്തിൽ തുടരാം.
ജനുവരി മൂന്നിനാണ് കേസിൽ കോടതി ശിക്ഷ വിധിക്കുക. 24 പേർ ഉൾപ്പെട്ട പ്രതിപട്ടികയിൽ 14 പേരെ മാത്രമാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. സിബിഐ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. 2019 ഫെബ്രുവരി 17ന് നടന്ന സംഭവത്തിലാണ് വിധി. കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ, സജി സി ജോർജ്, എം സുരേഷ്, അനിൽകുമാർ, ജിജിൻ, അശ്വിൻ, ശ്രീരാഗ്, എ സുബിൻ എന്നിവർക്കെതിരെ തെളിഞ്ഞത്. ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നിവയാണ് മുരളി താനിത്തോട്, പ്രദീപ്, ആലക്കോട് മണികണ്ഠൻ, എൻ ബാലകൃഷ്ണൻ എന്നിവർക്കെതിരെ തെളിഞ്ഞത്.
അതേസമയം കുടുംബ പ്രശ്നങ്ങൾ പറഞ്ഞ് ശിക്ഷ ഇളവ് തേടുകയാണ് പ്രതികൾ. പ്രായം ചെന്ന മാതാപിതാക്കളും കുട്ടികളുമുണ്ടെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. പതിനെട്ടാം വയസ്സിൽ ജയിലിൽ കയറിയതെന്നാണ് ഏഴാം പ്രതി അശ്വിന്റെ വാദം. പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചു. വീട്ടുകാരെ ആറ് വർഷമായിട്ടും കാണാനായിട്ടില്ലെന്നും ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പ്രതി കോടതിയിൽ പറഞ്ഞു. അമ്മ രോഗാവസ്ഥയിലെന്ന് എട്ടാം പ്രതിയും കോടതിയെ അറിയിച്ചു. വധശിക്ഷ നൽകണമെന്ന് പതിനഞ്ചാം പ്രതി പ്രതികരിച്ചു. കരഞ്ഞു കൊണ്ടായിരുന്നു അപേക്ഷ. തന്നെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്നും പതിനഞ്ചാം പ്രതി കോടതിയോട് പറഞ്ഞു.
Content Highlight: Periya Double Murder Case: 4 out of 10 added by CBI found guilty