![search icon](https://www.reporterlive.com/assets/images/icons/search.png)
കാസർകോട്: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും. 2019 ഫെബ്രുവരി 17ന് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. 270 സാക്ഷികളാണ് കേസിലുള്ളത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.
14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേർത്തത്. യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരെ ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
കൃത്യത്തിന് ഗൂഢാലോചന നടത്തിയത് കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. ഈ ഘട്ടത്തിലാണ് ഉദുമ മുൻ എംഎൽഎയും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, സിപിഐഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ ബാലകൃഷ്ണൻ , ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.
കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. സി കെ ശ്രീധരൻ പിന്നീട് പ്രതികൾക്ക് വേണ്ടി ഹാജരായത് കേസിൽ പരാതിക്കാർക്ക് തിരിച്ചടിയായിരുന്നു. പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കല്ല്യോട്ട് പ്രദേശം ഉള്‍ക്കൊളളുന്ന പെരിയ വില്ലേജില്‍ പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്. കളക്ടറുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം നടന്നിരുന്നു. യോഗത്തില്‍ പെരിയയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം പെരിയ കേസ് പ്രതികൾക്കൊപ്പം വേദി പങ്കിട്ട കോൺഗ്രസ് നേതാവിന്റെ ചിത്രങ്ങളും വിവാദമായിരുന്നു. കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബാബുരാജാണ് കേസിലെ പതിനാലാം പ്രതി കെ മണികണ്ഠന്‍, ഇരുപതാം പ്രതി കെ വി കുഞ്ഞിരാമന്‍ എന്നിവർക്കൊപ്പം വേദി പങ്കിട്ടത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച എം ടി അനുസ്മരണ പരിപാടിയിലാണ് സംഭവം. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് അനുമതി വാങ്ങിയെന്ന് അഡ്വ. ബാബുരാജ് വിശദീകരിച്ചു.
Content Highlight: Periya Murder Case: CBI court's verdict today