'ആ വിഷമം കുഞ്ഞിരാമന്റെ കുടുംബം അങ്ങ് സഹിച്ചാല്‍ മതി; ശരത്തിനും കൃപേഷിനും കുടുംബമുണ്ട്': രാഹുൽ മാങ്കൂട്ടത്തിൽ

കോടതി കുറ്റവിമുക്തരാക്കിയവര്‍ക്കെതിരെ നിയമ പോരാട്ടം തുടരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

dot image

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പെരിയയില്‍ അതിദാരുണമായി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനും ശരത് ലാലിനും അച്ഛനും അമ്മയും സഹോദരിയും ഉണ്ടെന്ന് ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഓര്‍ക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷമായി മക്കള്‍ നഷ്ടപ്പെട്ട വേദനയിലാണ് ശരത്തിന്റെയും കൃപേഷിന്റെയും കുടുംബം. അതിനേക്കാള്‍ വലിയ വിഷമമൊന്നും കുഞ്ഞിരാമന്റെ കുടുംബത്തിനില്ല. ആ വിഷമം കുഞ്ഞിരാമന്റെ കുടുംബം സഹിച്ചാല്‍ മതിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കോടതി കുറ്റവിമുക്തരാക്കിയവര്‍ക്കെതിരെ നിയമ പോരാട്ടം തുടരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട മാതൃകയിലാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ നേതാക്കള്‍ ശിക്ഷിക്കപ്പെടുമ്പോഴെങ്കിലും ഇത് തങ്ങളാണ് ചെയ്തതെന്ന് സിപിഐഎം അംഗീകരിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ എക്കാലവും കൊലയാളി രാഷ്ട്രീയത്തെ പിന്തുണച്ചിട്ടേയുള്ളൂവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കേസില്‍ സിബിഐ വരാതിരിക്കാന്‍ സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ചെന്നും രാഹുല്‍ പറഞ്ഞു. രണ്ട് കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിച്ചു. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന്റെ വേദനയ്ക്ക് മുകളിലല്ല സര്‍ക്കാര്‍ കോടികള്‍ മുടക്കി കേരളത്തിലെത്തിച്ച അഭിഭാഷകരുടെ നിയമപാണ്ഡിത്യം. സര്‍ക്കാര്‍ പല കളികളും കളിച്ചു. കോണ്‍ഗ്രസിനൊപ്പം നിന്ന് കൃപേഷിന്റെയും ശരത്തിന്റെയും കുടുംബത്തിന്റെ വിശ്വാസം നേടിയ ശ്രീധരന്‍ വക്കീല്‍ ചീമേനിയില്‍ തുടങ്ങി പെരിയയില്‍ ഒടുങ്ങി. ഇരുവരുടേയും അമ്മമാരെ ക്രോസ് ചെയ്യുന്ന സാഹചര്യം വരെ സിപിഐഎമ്മിനൊപ്പം പോയ ശ്രീധരന്‍ വക്കീല്‍ നടത്തിയിട്ടുണ്ട്. കഴിക്കുന്ന ഓരോവറ്റിലും കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതറിത്തെറിച്ച മാംസത്തിന്റെയും രക്തത്തിന്റെയും ഗന്ധമുണ്ടെന്ന് ശ്രീധരന്‍ വക്കീല്‍ ഇനിയെങ്കിലും തിരിച്ചറിയണമെന്നും രാഹുല്‍ പറഞ്ഞു.

പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചപ്പോള്‍ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ക്കെതിരെ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സിബിഐ വന്നപ്പോള്‍ കാര്യങ്ങള്‍ മാറി. സിബിഐയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ക്ക് സഹായം നല്‍കിയ സിപിഐഎം നേതാക്കള്‍ക്ക് ഇപ്പോള്‍ കോടതി ശിക്ഷ വിധിച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- rahul mamkootathil mla on periya twin murder case court verdict

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us