തിരുവനന്തപുരം: പിന്നാക്കാവസ്ഥയിലുള്ള ഭാഗ്യക്കുറി ഏജൻറുമാർക്കും വിൽപ്പനക്കാർക്കും വീടുനിർമാണത്തിന് അനുമതി നൽകി നികുതിവകുപ്പ്. 2021-ലെ വിഷുബംബർ ഭാഗ്യക്കുറിയിൽനിന്ന് ലഭിച്ച ലാഭം ഉപയോഗിച്ചാണ് വീടുനിർമാണം നടത്തുന്നത്. 160 പേർക്കാണ് സഹായം ലഭിക്കുക.
9.48 കോടി രൂപ ആദ്യഘട്ട നിർമാണത്തിനായി വിനിയോഗിക്കാൻ നികുതിവകുപ്പ് അനുമതി നൽകി. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധിബോർഡിൽ അംഗങ്ങളായ വീടില്ലാത്തവരെയാണ് ഇതിൽ പരിഗണിക്കുക.
ഇതിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കിയതായി നികുതിവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത രീതി, അവരുടെ വിശദാംശങ്ങൾ, ചെലവഴിച്ച തുകയുടെ കണക്ക് എന്നിവസംബന്ധിച്ച വിവരങ്ങൾ എത്രയുംവേഗം കൈമാറാൻ ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
അഞ്ചുവർഷമായി ക്ഷേമനിധിയിൽ സജീവാംഗമായവരെയാണ് ഇതിൽ പരിഗണിക്കുക. സ്വന്തമായോ കുടുംബാംഗങ്ങൾക്കോ വീടില്ലാത്തവരായിരിക്കണം. ക്ഷേമനിധി അംഗത്വ സീനിയോറിറ്റി, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർ, ഗുരുതര രോഗമുള്ള കുടുംബാംഗങ്ങളുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്. ഭർത്താവ് മരിച്ചവർക്കും സ്ത്രീ കുടുംബനാഥയായിട്ടുള്ളവർക്കും പ്രത്യേക പരിഗണനയുണ്ടാവും. കുടുംബാംഗങ്ങളിൽ ആരെങ്കിലും സർക്കാർ-അർധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിക്കാരോ പെൻഷൻകാരോ ആണെങ്കിൽ ആനുകൂല്യം ലഭിക്കുന്നതല്ല.
നഗരസഭയിൽ ആറ് സെന്റിലധികമോ ഗ്രാമപ്രദേശങ്ങളിൽ 15 സെന്റിൽക്കൂടുതലോ ഭൂമിയുള്ളവരാവരുത്.
കുടുംബ വാർഷികവരുമാനം മൂന്നുലക്ഷംരൂപയിൽ കൂടരുത്. ആറു ലക്ഷംരൂപ വീടുനിർമാണത്തിനായി ലഭിക്കും. 650 മുതൽ 800 ചതുരശ്രയടിവരെ വിസ്തീർണമുള്ള വീടുകളാണ് നിർമിക്കുക. ലൈഫ് മാതൃകയിൽ നാലുഘട്ടമായാണ് തുക വിതരണം. ജില്ലാതലത്തിൽ ഗുണഭോക്താക്കളുടെ അന്തിമപട്ടിക തയ്യാറാക്കുന്ന മുറയ്ക്ക് നിർമാണം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlight : The tax department has given permission to give houses to 160 people who have been active in the welfare fund for five years