'സിപിഐഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകവും കേരളത്തിലുണ്ടായിട്ടില്ല': പെരിയ വിധിയിൽ ടി പി രാമകൃഷ്ണൻ

'ടി പി വധവുമായി പെരിയ ഇരട്ടക്കൊലപാതക കേസിനെ താരതമ്യം ചെയ്യേണ്ടതില്ല'

dot image

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതിവിധി അംഗീകരിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കേസിൽ നിരപരാധികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം തുടർ നിയമ നടപടികൾ സ്വീകരിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു. ടി പി വധവുമായി പെരിയ ഇരട്ടക്കൊലപാതക കേസിനെ താരതമ്യം ചെയ്യേണ്ടതില്ല. പെരിയ ഇരട്ട കൊലപാതകം സംസ്ഥാന വിഷയമല്ല. കാസർകോട്ടെ ഒരു വിഷയമാണ്. സിപിഐഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകം പോലും കേരളത്തിൽ നടന്നിട്ടില്ല. പ്രാദേശികമായി നടന്നിട്ടുണ്ടെങ്കിൽ, അത് പരിശോധിക്കുമെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

അതേസമയം പെരിയ വിധിയിൽ ‌‌അപ്പീൽ പോകാനാണ് സിപിഐഎമ്മിന്റെ തീരുമാനം. പ്രതിചേർക്കപ്പെട്ട സിപിഐഎം നേതാക്കൾ നിരപരാധികളാണെന്നും കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും സിപിഐഎം കാസർകോ‍ട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പറഞ്ഞു. വഴി തടസപ്പെടുത്താതെ മാറി നിൽക്കൂവെന്ന് മാധ്യമങ്ങളോട് കയർത്തായിരുന്നു കെ വി കുഞ്ഞിരാമൻ കോടതി വിട്ടത്.

24 പേരുണ്ടായിരുന്ന പ്രതിപട്ടികയിൽ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ഉൾപ്പെടെയുള്ളവർക്കെതിരെ കണ്ടെത്തിയത്. പൊലീസ് പട്ടികയിൽ ഉൾപ്പെടാതെ സിബിഐ പട്ടികയിൽ ചേർന്ന പത്തിൽ നാല് പേരും പ്രതികളാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2019 ഫെബ്രുവരി 17ന് നടന്ന സംഭവത്തിലാണ് സിബിഐ കോടതി വിധി പറഞ്ഞത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് സിബിഐ കോടതി വിധി പ്രസ്താവിച്ചത്. കോൺ​ഗ്രസ് പ്രവർത്തകരായിരുന്നു ഇരുവരും. ടിപി വധക്കേസിന് ശേഷം സിപിഐഎമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയ കേസായിരുന്നു പെരിയ ഇരട്ടക്കൊലപാതകക്കേസ്. കോടികൾ മുടക്കി സിപിഐഎം സുപ്രീം കോടതിയിൽ വരെയെത്തിച്ചതും ഈ കേസായിരുന്നു.

Content Highlight: TP Ramakrishnan says CPIM havent made any consp[iracies in Periya murder case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us