ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് യു പ്രതിഭ എംഎൽഎ. മാധ്യമ വാർത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്സൈസ് പിടികൂടിയതെന്നും അവർ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു. വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഒരുകുഞ്ഞും തെറ്റായ വഴിയിൽ പോകരുതെന്ന് കരുതുന്ന അമ്മയാണ് താൻ. ഇല്ലാത്ത വാർത്തകൊടുത്ത മാധ്യമങ്ങൾ അത് പിൻവലിക്കണമെന്നും മാപ്പുപറയണമെന്നും അവർ പറഞ്ഞു. യു പ്രതിഭയുടെ മകൻ കനിവ് (21) ആണ് കുട്ടനാട് എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തി കനിവിനെ ജാമ്യത്തിൽ വിട്ടയച്ചു. അഭിഷേക് എന്ന സുഹൃത്തിന്റെ പോക്കറ്റിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ് വിവരം. തകഴി പാലത്തിനടിയിൽ നിന്നാണ് പിടിയിലായത്. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്‌സൈസ് പരിശോധന നടന്നത്.
Content Highlights: u prathibha says No cannabis was seized from her son