കൊലയാളി പാർട്ടി ഏതാണെന്ന് ജനത്തിനറിയാം, പെരിയ കൊലപാതകത്തിന് സിപിഐഎം ഉന്നത നേതൃത്വവുമായി ബന്ധമില്ല: എ കെ ബാലൻ

'ഒരു കോൺഗ്രസുകാരനെ മറ്റൊരു കോൺഗ്രസുകാരൻ കൊല്ലാൻ ഒരു മടിയും കാണിച്ചില്ല. അത് കേരളം കണ്ടതാണ്'

dot image

കൊച്ചി: കൊലയാളി പാർട്ടിയാരാണെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം എ കെ ബാലൻ. പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. കൊലപാതകം നടന്നത് സിപിഐഎം ഉന്നത നേതൃത്വത്തിന്റെ അറിവോടയല്ലെന്നും അദ്ദേഹം പറഞ്ഞു. പെരിയ ഇരട്ടകൊലക്കേസ് വിധിയോട് പ്രതികരിക്കുകയായിരുന്നു എ കെ ബാലൻ.

'നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ആണല്ലോ എല്ലാം. നിയമപരമായി കാര്യങ്ങൾ നടക്കും. ഇതിൻ്റെ ഭാഗമാണ് കോടതി വിധി. കൊലയാളി പാർട്ടിയാണ് സിപിഐഎം എന്നു പറയുന്നത് കോൺഗ്രസ് ആണല്ലോ. തൃശൂരിൽ ഇരട്ടക്കൊലപാതകം നടന്നല്ലോ. ഒരു കോൺഗ്രസുകാരനെ മറ്റൊരു കോൺഗ്രസുകാരൻ കൊല്ലാൻ ഒരു മടിയും കാണിച്ചില്ല. അത് കേരളം കണ്ടതാണ്. രണ്ട് ഗ്രൂപ്പായി പോയതുകൊണ്ടാണ് അത് സംഭവിച്ചത്. പച്ചയായി അറത്ത് കൊന്നു. ആ പാർട്ടിയാണ് സിപിഐഎം കൊലയാളി പാർട്ടിയാണ് എന്ന് പറയുന്നത്.

ക്രിമിനൽ പാർട്ടി ഏതാണെന്ന് ജനത്തിനറിയാം. പെരിയ ഇരട്ടക്കൊലപാതകത്തിന് പാർട്ടിയുമായി ഒരു ബന്ധവുമില്ല. സിപിഐഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ നടന്ന കൊലപാതകം അല്ല. പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. ശക്തമായ നിലപാടാണ് പൊലീസ് ആരംഭം മുതൽ സ്വീകരിച്ചത്. കേരള പൊലീസ് അന്വേഷണത്തിന്റെ തുടർച്ചയാണ് സിബിഐ നടത്തിയത്', എ കെ ബാലൻ പറഞ്ഞു.

ആറ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ കോടതി വിധി പ്രസ്താവിച്ചത്. 24 പേരടങ്ങിയ പ്രതിപട്ടികയിൽ 14 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പത്ത് പേരെ കുറ്റ വിമുക്തരാക്കി. പൊലീസ് സമർപ്പിച്ച പട്ടികയിൽ ഉൾപ്പെടാതെ സിബിഐ കൂട്ടിച്ചേർത്ത പത്ത് പേരിൽ നാല് പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സിപിഐഎം മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, മുൻ ലോക്കൽ കമ്മിറ്റി അം​ഗം എന്നിവരുൾപ്പെടെ 14 പേരാണ് പ്രതികളാക്കപ്പെട്ടത്.

വിധിയിൽ സന്തോഷമുണ്ടെന്നും പൂർണ തൃപ്തിയില്ലെന്നും കൊല്ലപ്പെട്ട കോൺ​ഗ്രസ് നേതാക്കളായ ശരത് ലാലിൻ്റേയും കൃപേഷിന്റേയും കുടുംബങ്ങൾ പ്രതികരിച്ചു. പത്ത് പേരെ കുറ്റവിമുക്തരാക്കിയ കോടതി നടപടിയിൽ അതൃപ്തിയുണ്ടെന്ന് കുടുംബം വ്യക്തമാക്കി. എല്ലാ പ്രതികൾക്കും ശക്തമായ ശിക്ഷ ലഭിക്കണമെന്നും മക്കൾക്ക് പൂർണ നീതി ലഭിക്കണമെന്നും കുടുംബം പ്രതികരിച്ചു. കുറ്റവിമുക്തരാക്കപ്പെട്ടവർക്കും ശിക്ഷ ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ നൽകുമെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം കൊലപാതകത്തിൽ സിപിഐഎമ്മിന് ബന്ധമില്ലെന്നും നിരപരാധികളും പ്രതിചേർക്കപ്പെട്ടിട്ടുണ്ടെന്നുമാണ് സിപിഐഎമ്മിന്റെ പ്രതികരണം. വിഷയത്തിൽ അപ്പീൽപോകുമെന്നും പാർട്ടി വ്യക്തമാക്കി. മാധ്യമങ്ങളോട് കയർത്തായിരുന്നു പെരിയ കേസ് പ്രതി കെ വി കുഞ്ഞിരാമൻ കോടതിയിൽ നിന്നും പുറത്തിറങ്ങിയത്. വഴി തടയാതെ മാറി നിൽക്കാനും തന്റെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്നുമായിരുന്നു കുഞ്ഞിരാമന്റെ ആക്രോശം. ​ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കൽ ഉൾപ്പെടയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കണ്ടെത്തിയത്.

Content Highlight: AK Balan says CPIM has no connection with periya murder case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us