പത്തനതിട്ട: പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ മുതിർന്ന നേതാവ് ജി സുധാകരനെതിരെ വിമർശനം. ജി സുധാകരനെ പാർട്ടി നിയന്ത്രിക്കണമന്നും വിശ്രമ ജീവിതത്തിൽ ശ്രദ്ധ കിട്ടാനായി സുധാകരൻ വായിൽ തോന്നുന്നത് പറയുകയാണെന്നും സമ്മേളനത്തിൽ പാർട്ടി പ്രതിനിധി വിമർശനം ഉയർത്തി. ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറെ കണ്ടതല്ല, ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധമാണ് പ്രശ്നമെന്നും സമ്മേളനത്തിൽ പ്രതിനിധികൾ പറഞ്ഞു. സംഘടനാ പ്രവർത്തനങ്ങൾക്ക് ചെലവ് കൂടുന്നുവെന്നും താഴെത്തട്ടിലുള്ള നേതാക്കൾക്ക് ഇത് അധിക സാമ്പത്തിക ബാധ്യത വരുത്തുവെന്നും വിമർശനം ഉയർന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ സിപിഐഎം അണികളുടെ വിമർശനം അതിര് കടക്കുന്നുവെന്നും ഇത് നിയന്ത്രിക്കണമെന്ന അഭിപ്രായവും ഉയർന്നു. പാർട്ടി നേതൃത്വം ഈ പ്രവണതയെ പിന്തുണയ്ക്കരുത്. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ നിമിഷങ്ങൾക്കകം മാധ്യമങ്ങളിൽ വാർത്തയാകുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ കയ്യാങ്കളി വാർത്തയായി. മാധ്യമങ്ങളെ ഇക്കാര്യം വിളിച്ച് അറിയിച്ചവരെ കണ്ടെത്തണമെന്നും വാർത്ത ചോർത്തിയവരെ കണ്ടെത്താൻ കവടി നിരത്തേണ്ട കാര്യമില്ലെന്നും സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനം ഉയർത്തി. സമ്മേളനത്തിൽ ആരോഗ്യ മേഖലയ്ക്കെതിരെയും വിമർശനം ഉയർന്നിരുന്നു.
Content highlight- Criticism at the CPIM Pathanamthitta conference, increasing the cost of organizational activities