കൊച്ചി: മുനമ്പം വിഷയത്തിൽ തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇന്നത്തെ സാഹചര്യത്തിൽ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകൾ ആവശ്യമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്ന് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചു.
മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാവരുത്. സർക്കാർ ഊർജിതമായി രംഗത്ത് വരണം. മെല്ലപ്പോക്ക് അവസാനിക്കണം. ഇങ്ങനെയുള്ള കൂടിക്കാഴ്ചകൾ ആവശ്യമാണ്. സമൂഹങ്ങളെ അടുപ്പിക്കാൻ ആവശ്യമായതൊക്കെ ചെയ്യണം. ഇന്നത്തെ സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ട്. സമുദായങ്ങൾ തമ്മിൽ അകലുന്ന സാഹചര്യമുണ്ടാവരുത്. ബന്ധങ്ങൾ നിലനിർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വന്നത്. മാർ ജോസഫ് പാംപ്ലാനിയുടെ പല പ്രസ്താവനകളും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണ്. അദ്ദേഹം അഭിപ്രായങ്ങൾ തുറന്നു പറയുന്നത് ആത്മധൈര്യം തരുന്നതാണ്. മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ ഇടർച്ച ഉണ്ടാവാൻ പാടില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്ന് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. പല വിഷയങ്ങൾ നമ്മുടെ മുൻപിൽ ഉണ്ട്. വിഷയങ്ങളെക്കുറിച്ച് പരസ്പര ധാരണയോടെ മുന്നോട്ട് പോവുക.ഇത്തരത്തിലുള്ള കൂടിക്കാഴ്ച കേരള സമൂഹത്തിൻ്റെ ഭാവിക്ക് ആവശ്യം. വന നിയമമടക്കമുള്ള അടിസ്ഥാന വിഷയങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പാംപ്ലാനി പറഞ്ഞു.
Content Highlight: Sadiq ali thangal meets Mar joseph Pamplani